പെഷവാറില്‍ വീണ്ടും ചാവേറാക്രമണം
ഇസ്‌ലാമാബാദ്: പാകിസ്താനിലെ പെഷവാറില്‍ വീണ്ടും ചാവേര്‍ ആക്രമണം. പെഷാവറിലെ റിങ് റോഡില്‍ ഓട്ടോറിക്ഷയില്‍ വെച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൊലീസും സൈന്യവും പ്രദേശം വളഞ്ഞിരിയ്ക്കുകയാണ്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
പെഷവാറിലെ പട്ടാങ് ചൗക്കിലുള്ള റിങ്ങ് റോഡിലെ പൊലീസ് ചെക്ക് പോയിന്റിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. സുരക്ഷാ പരിശോധനയ്ക്കായി പൊലീസ് റിക്ഷ തടഞ്ഞപ്പോള്‍ ചാവേര്‍ സ്‌ഫോടനം നടത്തുകായയിരുന്നുവെന്ന് പാക് ദിനപത്രമായ ഡോണിന്റെ വെബ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ഞായറാഴ്ച പെഷാവറിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ മേയര്‍ അടക്കം 12 പേര്‍ മരിച്ചിരുന്നു. പെഷാവറില്‍ ഒക്‌ടോബര്‍ 28ന് ഉണ്ടായ സ്‌ഫോടനത്തില്‍ 120 പേര്‍ കൊല്ലപ്പെട്ടതിന്റെ ഭീതി വിട്ടുമാറും മുമ്പെയാണ് വീണ്ടും സ്‌ഫോടനങ്ങള്‍ നടക്കുന്നത്.












Click it and Unblock the Notifications