പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നു

ഉപതിരഞ്ഞെടുപ്പുകളില്‍ നേടിയ വിജയലഹരിയിലാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ പാര്‍ലമെന്റിലെത്തുന്നത്. അതേ സമയം ഇടക്കാലത്തുണ്ടായ തിരിച്ചടികളുടെ ക്ഷീണം തുടച്ചുമാറ്റുകയെന്ന ലക്ഷ്യത്തോടെയാവും ബിജെപിയും ഇടതുകക്ഷികളും ഭരണപക്ഷത്തെ എതിരിടുക.
ടെലികോം സ്‌പെക്ട്രം അഴിമതിയാരോപണം, പഞ്ചസാര കയറ്റുമതിയിലെ ക്രമക്കേട് എന്നിവ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കുമെന്നാണ് കരുതുന്നത്. ഇടതുപാര്‍ട്ടികള്‍ ആസിയാന്‍ കരാറിനെതിരെ കടുത്ത നിലപാടെടുക്കും. ജനകീയ പ്രശ്‌നങ്ങള്‍ മുന്നോട്ടുകൊണ്ടുവന്ന് രാഷ്ട്രീയമായി നേട്ടം കൊയ്യാനായിരിക്കും പ്രതിപക്ഷ ബഞ്ചുകളുടെ ശ്രമം.
ബിജെപിയും സിപിഎം അടക്കമുള്ള ഇടതുപാര്‍ട്ടികളും എസ്പി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളും യുപിഎയ്‌ക്കെതിരേ കൈകോര്‍ക്കും. എന്നാല്‍ ആസിയാന്‍ കരാര്‍, ബാങ്കിംഗ് നിയമ ഭേദഗതി തുടങ്ങിയ വിഷയങ്ങളിലെ എതിര്‍പ്പിന് ഇടതുപക്ഷത്തിന് മറ്റ് പ്രതിപക്ഷ കക്ഷികളില്‍ നിന്ന് കാര്യമായ പിന്തുണ ലഭിയ്ക്കാനിടയില്ല.
ആദ്യ ദിനത്തില്‍ തന്നെ കരിമ്പ് വില ഏകീകരണ ഓര്‍ഡിനന്‍സിനെതിരെ ലോക്‌സഭയില്‍ അടിയന്തര പ്രമേയം കൊണ്ടു വരുമെന്ന് സൂചനകളുണ്ട്. നക്‌സല്‍ പ്രശ്‌നത്തില്‍ യുപിഎ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തമ്മില്‍ ഏറ്റുമുട്ടിയേക്കാം.
പുതിയ 62 ബില്ലുകളടക്കം എണ്‍പതോളം ബില്ലുകളടക്കം എണ്‍പതോളം ബില്ലുകളുടെ നീണ്ട പട്ടികയാണ് പാര്‍ലമെന്ററി കാര്യ മന്ത്രാലയം തയാറാക്കയിരിക്കുന്നത്. ത്രിതല പഞ്ചായത്തുകളില്‍ വനിതകള്‍ക്ക് 50 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യല്‍, ഭക്ഷ്യസുരക്ഷ, ജനപ്രാതിനിധ്യ ഭേദഗതി, എല്ലാവര്‍ക്കും പ്രൈമറി വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധവുമാക്കല്‍, സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം ചിട്ടപ്പെടുത്തല്‍ എന്നിവയ്ക്കായുള്ള അഞ്ച് സുപ്രധാന ഭരണഘടനാ ഭേദഗതികളും ഈ സമ്മേളനത്തിന്റെ പരിഗണനയ്‌ക്കെത്തും.












Click it and Unblock the Notifications