കൊച്ചി: കളമശേരിയില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ബസിന് തീയിട്ട കേസില്‍ തടിയന്റവിട നസീര്‍ ഒന്നാം പ്രതി. ബസ് തട്ടിയെടുത്തത് നസീറടക്കം 6 പേര്‍ ചേര്‍ന്നാണെന്ന് പൊലീസ് കണ്ടെത്തി. കേസില്‍ മുമ്പ് കീഴടങ്ങിയ മൂന്ന് പേര്‍ നിരപരാധികളാണെന്നും പൊലീസ് കണ്ടെത്തി. ഇവരെ കേസില്‍ നിന്ന് ഒഴിവാക്കും. കണ്ണൂരില്‍ പിടിയിലായ നവാസിനെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. കോടതിയില്‍ ഹാജരാക്കിയ നവാസിനെ അടുത്ത മാസം മൂന്ന് വരെ റിമാന്‍ഡ് ചെയ്തു. ഇതേ കേസില്‍ ജാമ്യം നേടിയ ശേഷം ഒളിവില്‍പ്പോയ മൂന്നാം പ്രതി പറമ്പായി മജീദിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് നവാസിനെക്കുറിച്ച് വിവരം ലഭിച്ചത്.
നിലവില്‍ ഒന്നാം പ്രതിയായ ഷെറീഫ്, രണ്ടാം പ്രതി ഉമര്‍ ഫാറൂഖ്, മൂന്നാം പ്രതി അബ്ദുള്‍ റഹീം എന്നിവരെ കേസില്‍ നിന്നും ഒഴിവാക്കാനാണു തീരുമാനം. തടിയന്റവിട നസീര്‍, നവാസ്, പൊരുമ്പാവൂര്‍ താഹിര്‍, ബോംബ് ഇസ്മയില്‍, ഷെഫീഖ്, ഹാലിം എന്നീ ആറുപേര്‍ ചേര്‍ന്നാണ് ബസ് തട്ടിയെടുത്തു കത്തിച്ചത്. 2005 സെപ്തംബര്‍ 9നായിരുന്നു സംഭവം.
ജീപ്പില്‍ പിന്തുടര്‍ന്ന സംഘം ബസ് തട്ടിയെടുത്ത് പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. ഇതേസമയം താജുദ്ദീന്‍, അനൂപ്, നാസര്‍ എന്നിവര്‍ ബൈക്കില്‍ എത്തുകയും ആറുപേരെയും സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടുത്തുകയും ചെയ്തു. ഇവരെയും ചേര്‍ത്തു കേസില്‍ മൊത്തം 9 പ്രതികളാണുളളത്.