കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാണയ്ക്ക് വിസ നല്‍കിയതില്‍ അപാകത

  • By Staff
Google Oneindia Malayalam News

Terrorists
ദില്ലി: ലഷ്കര്‍ ഏജന്റ് തഹാവൂര്‍ ഹുസൈന്‍ റാണയ്‌ക്ക് ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ വിസ അനുവദിച്ചതു മതിയായ പരിശോധനകളില്ലാതെയെന്ന്‌ അന്വേഷണ റിപ്പോര്‍ട്ട്‌. കോണ്‍സുലേറ്റിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്‌ചയായിട്ടാണ് ഇതു കണക്കാക്കപ്പെടുന്നത്.

ഈ വിസ ഉപയോഗിച്ചാണ്‌ ഇവര്‍ മുംബൈയിലെത്തി നവംബര്‍ 26 ആക്രമണത്തിന്റെ അന്തിമരൂപരേഖ തയാറാക്കിയതെന്നു കരുതുന്നു. ആക്രമണത്തിനു ദിവസങ്ങള്‍ മുമ്പ്‌ ഇവര്‍ നഗരം വിടുകയും ചെയ്‌തിരുന്നു.

ഷിക്കാഗോയിലെ കോണ്‍സുലേറ്റ്‌ ജനറലിന്റെ വിവേചനാധികാരം ഉപയോഗിച്ചാണു മാനദണ്ഡങ്ങള്‍ മറികടന്നു റാണയ്‌ക്കും ഭാര്യയ്‌ക്കും വിസ നല്‍കിയത്‌. വ്യാജ വിലാസത്തിലാണ്‌ ഇരുവരും വിസയ്‌ക്ക് അപേക്ഷ നല്‍കിയത്‌.

താന്‍ ഇമിഗ്രേഷന്‍ സര്‍വീസസ്‌ കമ്പനിയുടെ മുംബൈ ശാഖയില്‍ ജോലി ചെയ്യുകയാണെന്നാണു റാണ അപേക്ഷയില്‍ അവകാശപ്പെട്ടിരുന്നത്‌. എന്നാല്‍ ഇയാളെ ഒരിക്കലും ജോലിക്കെടുത്തിട്ടില്ലെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.

മതിയായ പരിശോധനകള്‍ക്കു ശേഷമാണു റാണയ്‌ക്കും സംറാസിനും വിസ നല്‍കിയതെന്ന കോണ്‍സുലേറ്റിന്റെ അവകാശവാദത്തിന് നേര്‍ വിപരീതമായ അന്വേഷണ റിപ്പോര്‍ട്ടാണു പുറത്തുവന്നിരിക്കുന്നത്‌.

ഷിക്കാഗോയില്‍ ബിസിനസ്‌ ചെയ്യുന്ന പാക്‌ വംശജനായ റാണയ്‌ക്ക് ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടി എന്‍ട്രി വിസയാണു നല്‍കിയത്‌. ഭാര്യ സംറാസ്‌ റാണ അഖ്‌തറിനു നല്‍കിയ മള്‍ട്ടി എന്‍ട്രി വിസ അഞ്ചു വര്‍ഷത്തെ കാലാവധിയുള്ളതായിരുന്നു.

റാണാദമ്പതികള്‍ക്കു വിസ നല്‍കിയതിനേപ്പറ്റി അന്വേഷിക്കുമെന്നു വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്‌ണ പരസ്യമായി പറഞ്ഞിരുന്നതാണ്‌. അന്വേഷണ റിപ്പോര്‍ട്ടിനേപ്പറ്റി പ്രതികരിക്കാന്‍ കോണ്‍സുലേറ്റ്‌ ഇതേവരെ തയാറായിട്ടില്ല.

പാകിസ്‌താന്‍, ഇറാന്‍, ബംഗ്ലാദേശ്‌ എന്നിവിടങ്ങളില്‍ ജനിച്ചവര്‍ക്കു വിസ നല്‍കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കൂടി വേണമെന്നു പറഞ്ഞ്‌ 2004-ല്‍ കേന്ദ്രസര്‍ക്കാരിന്റെ സര്‍ക്കുലര്‍ പുറത്തിറങ്ങിയിരുന്നു.

പാകിസ്താനിലെ ചിചാവാട്‌നിയിലാണു റാണ ജനിച്ചത്‌. ഭാര്യ സംറാസ്‌ ബഹാവല്‍പുരിലും. പാകിസ്താനികളായതിനാല്‍ സാധാരണഗതിയില്‍ ഈ വിസകള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടു കൂടിയേ അനുവദിക്കാവൂ.

ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ അംബാസഡര്‍മാര്‍ക്കും കോണ്‍സുലേറ്റ്‌ ജനറല്‍മാര്‍ക്കും സ്വന്തം വിവേചനാധികാരം ഉപയോഗിച്ചു വിസ അനുവദിക്കാം. റാണാദമ്പതികളുടെ കാര്യത്തില്‍ ഷിക്കാഗോയിലെ കോണ്‍സുലേറ്റ്‌ ജനറല്‍ ഉപയോഗിച്ചതും അതാണ്‌. 180 ദിവസത്തില്‍ കൂടുതല്‍ താമസം നീണ്ടാല്‍ പോലീസില്‍ രജിസ്‌റ്റര്‍ ചെയ്യണമെന്ന സാധാരണ ചട്ടത്തില്‍നിന്നു പോലും റാണയ്‌ക്കും സംറാസിനും ഇളവു നല്‍കിയെന്നാണു കണ്ടെത്തിയിരിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X