ഇന്ത്യ ആഗോള ശക്തിയാവുന്നു: ഒബാമ

ഭീകരതയ്‌ക്കെതിരെ രണ്ട് രാജ്യങ്ങളും ഒന്നിച്ച് നിന്ന് പോരാടുമെന്ന് ഇരു രാഷ്ട്ര നേതാക്കളും വ്യക്തമാക്കി. രഹസ്യാന്വേഷണ ഏജന്‍സികള്‍ ഒരുമിച്ച് പ്രവര്‍ത്തിയ്ക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യയെ പരസ്യമായി ഒബാമ ആണവശക്തി എന്നു വിശേഷിപ്പിച്ചതും ശ്രദ്ധേയമായി. ഇന്ത്യയെ ആണവശക്തിയായി അംഗീകരിച്ചു കൊണ്ട് അമേരിക്കന്‍ പക്ഷത്തു നിന്നുള്ള ആദ്യ പരാമര്‍ശമാണിത്.
വിവിധ മേഖലകളില്‍ ഇന്ത്യയ്ക്കും അമേരിയ്ക്കയ്ക്കും ഒന്നിച്ച് നില്‍ക്കാനാവും. ചൈനാ സന്ദര്‍ശന വേളയില്‍ ഏഷ്യയിലെ നേതാവ് എന്നു ചൈനയെ ഒബാമ വിശേഷിപ്പിച്ചത് ഇന്ത്യയെ അലോസരപ്പെടുത്തിയിരുന്നു. ആ പശ്ചാത്തലത്തിലാണ് ഇന്ത്യയെയും മന്‍മോഹന്‍ സിങ്ങിനെയും കുറിച്ചുള്ള പുതിയ പരാമര്‍ശം. വൈറ്റ് ഹൗസിലെത്തിയ മന്‍മോഹന്‍ സിങ്ങിനെ ഒബാമ ആഘോഷത്തോടെയാണു വരവേറ്റത്. പ്രധാനമന്ത്രിയുടെ ഭാര്യ ഗുര്‍ശരണ്‍ കൗറിനെ മിഷേല്‍ ഒബാമയും സ്വീകരിച്ചു.
അറുപത് വര്‍ഷം മുമ്പ് ജവാഹര്‍ലാല്‍ നെഹ്‌റു വൈറ്റ് ഹൗസ് സന്ദര്‍ശിച്ചത് ഒബാമ അനുസ്മരിച്ചു. അന്നു യുഎസ് പ്രസിഡന്റ് ട്രൂമാന്‍ പറഞ്ഞതും ഇതു തന്നെയായിരുന്നു. നെഹ്‌റു ലോകനേതാവായി ഉയരുകയാണെന്ന്. ദാരിദ്ര്യമില്ലാത്ത ലോകത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് മന്‍മോഹന്‍ പറഞ്ഞു. ഇന്ത്യയും യുഎസും പരസ്പര ക്ഷേമത്തിനും ലോകക്ഷേമത്തിനും വേണ്ടി നിലകൊള്ളുകയാണ്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലും പരിസ്ഥിതിയെ ശുദ്ധീകരിയ്ക്കാനുള്ള ശ്രമങ്ങളിലും സാമ്പത്തിക സുരക്ഷയ്ക്കായുള്ള ശ്രമങ്ങളിലും ഇരു രാജ്യങ്ങള്‍ക്കും സഹകരിയ്ക്കാനാവുമെന്നും മന്‍മോഹന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications