മുംബൈ ഭീകരാക്രമണം: 7പേര്‍ക്കെതിരെ കുറ്റം ചുമത്തി

ലഷ്‌കര്‍ ഇ തൊയ്ബ കമാന്റര്‍ സാകി ഉര്‍ റഹ്മാന്‍ ലഖ്‌വിയുള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഇന്ത്യയില്‍ വിചാരണ നേരിടുന്ന അജ്മല്‍ കസബ് ഉള്‍പ്പെടെ 16പേരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിക്കിയ കുറ്റപത്രപ്രകാരം ലഖ്‌വിയാണ് ആക്രമണത്തിന്റെ സൂത്രധാരന്‍. ഭീകരാക്രമണം നടന്നിട്ട് ഒരു വര്‍ഷം തികയുന്നതിന്റെ തലേദിവസമാണ്(നവംബര്‍ 25 ബുധന്‍) റാവല്‍പിണ്ടിയിലെ കോടതിയില്‍ പ്രോസിക്യൂഷന്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
അന്താരാഷ്ട്ര സമൂഹത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ആദ്യം ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വാദിച്ച പാകിസ്താന്‍ സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പാക് ഭീകരവിരുദ്ധ നിയമവും ശിക്ഷാ നിയമവുമനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
ലഷ്‌കറിന്റെ വാര്‍ത്താ വിതരണ മേധാവി സരര്‍ഷാ അബു അല്‍ ഖമ, ഹമീദ് അമീന്‍ സാദിഖ്, ഷാഹിദ് ജമീല്‍ റിയാസ്, ജാമില്‍ അഹമ്മദ്, യൂനുസ് അംജും എന്നിവരാണ് ലഖ് വിയെക്കൂടാതെ പ്രതിപ്പട്ടികയിലുള്ളത്. ആക്രമണം നടത്തിയ പത്ത് ഭീകരര്‍ക്ക് പരിശീലനം, സാമ്പത്തിക സഹായം, ആയുധങ്ങള്‍, ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയത് ഇവരാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
അഡ്യാല അതിസുരക്ഷാ കോടതിയില്‍ പ്രത്യേകം തയ്യാറാക്കിയ കോടതിയില്‍ രഹസ്യമായാണ് വിചാരണ നടക്കുന്നത്. തങ്ങള്‍ നിരപരാധികളാണെന്നും വെറുതെവിടണമെന്നുമുള്ള പ്രതികളുടെ വാദം തള്ളിക്കൊണ്ടാണ് ജഡ്ജി മാലിക് മുഹമ്മദ് അക്രം അവാന്‍ കുറ്റപത്രം വായിച്ചത്.
ഇതിനിടെ മുംബൈ ഭീകരാക്രമണത്തിന്റെ തലവനെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരിക്കുന്ന ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫിസ് മുഹമ്മദ് സയ്യിദിനെ രക്ഷിക്കാന്‍ വേണ്ടിയാണ് ലഖ് വിയെ മുഖ്യപ്രതിയാക്കിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഭീകരാക്രമണത്തില്‍ സയ്യിദിനുള്ള പങ്ക് വെളിവാക്കാന്‍ ഇന്ത്യ നല്‍കിയ തെളിവ് അപര്യാപ്തമാണെന്നാണ് പാകിസ്താന്റെ വാദം. ഇന്ത്യയില്‍ വിചാരണ നേരിടുന്ന കസബിന്റെ വെളിപ്പെടുത്തലുകളെ ആസ്പദമാക്കിയാണ് പ്രോസിക്യൂഷന്‍ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.












Click it and Unblock the Notifications