വിഎസുമായി പരസ്യസംവാദത്തിന് തയ്യാര്‍: തരൂര്‍

കേന്ദ്രം കേരളത്തിന് എന്തൊക്കെ തന്നുവെന്ന് എന്നെക്കൊണ്ട് പറയിക്കാന്‍ വിഎസ് ആഗ്രഹിക്കുന്നുവെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കേന്ദ്രം നല്‍കിയതും കേരളം ചെയ്തതുമായ കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുമായി പരസ്യ സംവാദം നടത്താന്‍ സന്തോഷമേയുള്ളു- തരൂര്‍ പറഞ്ഞു.
നോട്ടീസില്‍ പേരുണ്ടായിട്ടും വിഴിഞ്ഞത്തെ ചടങ്ങില്‍ പങ്കെടുത്തില്ലെന്നാണ് മുഖ്യമന്ത്രി ഉന്നയിച്ച ആരോപണം. പാര്‍ലമെന്റ് സമ്മേളനകാലമായതിനാല്‍ എംപി എന്ന നിലയിലും കേന്ദ്രമന്ത്രിയെന്ന നിലയിലും എനിക്ക് ദില്ലിയില്‍ നില്‍ക്കേണ്ട അവസ്ഥയാണെന്ന് അദ്ദേഹത്തിനും അറിയാവുന്ന കാര്യമാണ്.
ഇക്കാര്യം ചടങ്ങിന് ക്ഷണിച്ചപ്പോള്‍ത്തന്നെ അറിയിച്ചതാണ്. എന്നിട്ടും എന്റെ അസാന്നിധ്യത്തെ വിമര്‍ശിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് വിഎസ് ശ്രമിച്ചത്. പൊതുപരിപാടികളില്‍ കൃത്യസമയത്ത് എത്തണമെന്നാണ് ആഗ്രഹം. എന്നാല്‍ പലപ്പോഴും തിരക്ക് മൂലം അതിന് കഴിയാറില്ല. പലയിടത്തും വൈകിയെത്തിയതില്‍ ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ പ്രോട്ടോകോള്‍ പ്രകാരം അദ്ദേഹത്തിന്റെ പ്രസംഗത്തിന് ശേഷം മാത്രമേ എനിക്ക് പ്രസംഗിക്കാന്‍ അവസരം ലഭിക്കൂ. അക്കാര്യം അദ്ദേഹത്തിനും അറിയാവുന്നതാണ്- തരൂര്‍ പറഞ്ഞു.
വികസനകാര്യത്തില്‍ രാഷ്ട്രീയം വേണ്ടെന്ന് തന്നെയാണ് ആദ്യം മുതലേ എന്റെ നിലപാട്. കേന്ദ്രസര്‍ക്കാറില്‍ നിന്നും കേരളത്തിനായി പരമാവധി സഹായം നേടിയെടുക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന പണം ഉപയോഗിക്കാതെ പാഴാക്കുകയാണ്.
മുതിര്‍ന്ന നേതാവെന്ന നിലയില്‍ വിഎസിനോട് അങ്ങേയറ്റം ആദരവുണ്ട്. അതിനിപ്പോഴും മാറ്റമില്ല. എന്നാല്‍ അനാവശ്യ ആക്ഷേപങ്ങളോട് പ്രതികരിക്കാതിരിക്കാന്‍ കഴിയുകയുമില്ല- തരൂര്‍ വ്യക്തമാക്കി.












Click it and Unblock the Notifications