ലഷ്കര്‍ ഭീകരരെ ഇന്ത്യ ചോദ്യംചെയ്തേയ്ക്കും
വാഷിങ്ടണ്‍: അമേരിക്കയില്‍ അറസ്റ്റിലായ ലഷ്‌കര്‍ ഏജന്റുമാരായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെയും തഹാവുര്‍ ഹുസൈന്‍ റാണയെയും ഇന്ത്യ ചോദ്യംചെയ്‌തേക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചു.
ഇതുസംബന്ധിച്ച് നയതന്ത്രതലത്തില്‍ അമേരിക്കയുമായി ബന്ധപ്പെട്ടുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം സെക്രട്ടറി ജി.കെ പിള്ള പറഞ്ഞു.
നിയമപരമായ കാരണത്താല്‍ ഇവരെ ചോദ്യം ചെയ്യാന്‍ ഇന്ത്യയെ അനുവദിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം യുഎസ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇവര്‍ ഇന്ത്യയില്‍ വന്നതിനെക്കുറിച്ചുള്ള അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ഇരുവരെയുംകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കൈമാറുന്നതിന് എഫ്ബിഐ സംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണ് സംഘം എത്തുന്നത്, എഫ് ബി ഐ ഡയറക്ടറും സംഘത്തിലുണ്ടാകും.
അമേരിക്ക സന്ദര്‍ശിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയും ഹെഡ്‌ലി-റാണ കേസുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്തിയിരുന്നു.
ഹെഡ്‌ലിയെയും റാണയെയും ചോദ്യംചെയ്യാനായി ഇന്ത്യന്‍ അന്വേഷണസംഘം അടുത്തിടെ അമേരിക്കയില്‍ പോയെങ്കിലും അതിന് സാധിക്കാതെ മടങ്ങുകയാണുണ്ടായത്.
ഇന്ത്യയിലും ഡെന്‍മാര്‍ക്കിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ അവസാനമാണ് റാണയെയും ഹെഡ്‌ലിയെയും ഷിക്കാഗോയില്‍ യു.എസ്. അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ. അറസ്റ്റുചെയ്തത്.












Click it and Unblock the Notifications