പഴശ്ശിരാജ: പനോരമയില്‍ ചട്ടലംഘനം നടന്നുവെന്ന് കോടതി

ചലച്ചിത്രോത്സവം വ്യാഴാഴ്ച അവസാനിയ്ക്കുന്ന പശ്ചാത്തലത്തിലാണ് കേസ് പരിഗണിയ്ക്കുന്ന ഡിവിഷന്‍ ബഞ്ച് ബുധനാഴ്ച വിധി പറയാന്‍ തീരുമാനിച്ചത്. മത്സര വിഭാഗത്തില്‍ ഉള്‍്‌പ്പെടുത്തണമെന്ന ആവശ്യം ഇനി ഉന്നയിക്കുന്നില്ലെന്നും എന്നാല്‍ പനോരമയില്‍ പ്രദര്‍ശിപ്പിയ്ക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും ഹര്‍ജി നല്‍കിയ പഴശ്ശിരാജ ട്രസ്റ്റിന് വേണ്ടി ഹാജരായ കൃഷ്ണന്‍ വേണുഗോപാല്‍ കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് കേസില്‍ ബുധനാഴ്ച തന്നെ വിധി പറയുന്നത്.
മേളയിലെ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച 8/1, 8/2 എന്നീ വകുപ്പുകളാണ് ജൂറി ലംഘിച്ചതായി കോടതി നിരീക്ഷിച്ചത്. ഈ ചട്ടങ്ങള്‍ അനുസരിച്ച് ജൂറി ചെയര്‍മാനും അംഗങ്ങളും ഒരുമിച്ചിരുന്ന് മുഴുവന്‍ ചിത്രങ്ങളും കാണേണ്ടതുണ്ട്. എന്നാല്‍ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ജൂറി ചെയര്‍മാന്‍ മൂസാഫര്‍ അലി പോലും മുഴുവന്‍ ചിത്രങ്ങളും കണ്ടിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പെങ്കില്‍ എന്തിനാണ് ചട്ടങ്ങള്‍ ഉണ്ടാക്കുന്നതെന്നും ഡിവിഷന്‍ ബഞ്ച് ചോദിച്ചു.
കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകനും സിനിമകളുടെ തിരഞ്ഞെടുപ്പില്‍ വീഴ്ച സംഭവിച്ച കാര്യം സമ്മതിച്ചു. എന്നാല്‍ പഴശിരാജയ്ക്ക് പ്രത്യേക പ്രദര്‍ശന അനുമതി നല്‍കാന്‍ കഴിയില്ലെന്നും അങ്ങനെ ചെയ്താല്‍ കുടൂതല്‍ ചിത്രങ്ങളുടെ നിര്‍മാതാക്കളും സംവിധായകരും പ്രത്യേക പ്രദര്‍ശന അനുമതി ആവശ്യപ്പെട്ട് രംഗത്തെത്തുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചു.
ഇന്ത്യന്‍ സിനിമയിലെ ഒരുപിടി പ്രതിഭകള്‍ ഒന്നിച്ച പഴശ്ശിരാജക്ക് പനോരമയില്‍ പ്രത്യേക പ്രദര്‍ശനം നടത്താനുള്ള അനുമതി ബുധനാഴ്ച സുപ്രീം കോടതി നല്‍കുമെന്നാണ് കരുതപ്പെടുന്നത്. ബുധനാഴ്ച മേളയിലെ ചിത്രങ്ങളുടെ പ്രദര്‍ശനം അവസാനിയ്ക്കും. പുരസ്‌ക്കാര പ്രഖ്യാപനങ്ങളോടെ വ്യാഴാഴ്ച ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരശ്ശീല വീഴും.












Click it and Unblock the Notifications