കോഴിക്കോട് സ്‌ഫോടനം: അന്വേഷണം എന്‍ഐഎക്ക്

സ്‌ഫോടനത്തിനു പിന്നില്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ചിലരും ഉള്‍പ്പെടുന്നതായി സൂചന ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണം പൊടുന്നനെ ഏറ്റെടുക്കാന്‍ എന്‍ഐഎ തീരുമാനിച്ചത്.
2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട്ടെ രണ്ട് ബസ് സ്റ്റാന്റുകളിലായി സ്‌ഫോടനം നടന്നത്. സംസ്ഥാന പോലിസിനു കീഴില്‍ കാര്യമായ അന്വേഷണങ്ങള്‍ നടന്നെങ്കിലും യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
സംസ്ഥാന സര്‍ക്കാറിന്റെകൂടി അനുമതി ലഭിച്ച ശേഷമാണ് അന്വേഷണം ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുംബൈ ആക്രമണത്തിനു ശേഷം നിലവില്‍വന്ന ദേശീയ അന്വേഷണ ഏജന്‍സി ഇതാദ്യമായാണ് ദക്ഷിണേന്ത്യയില്‍ ഒരു കേസ് അന്വേഷിക്കുന്നത്.
അതിനിടെ, എറണാകുളം കലക്ടറേറ്റ് സ്‌ഫോടന കേസ് തല്‍ക്കാലം ഏറ്റെടുക്കേണ്ടതില്ലെന്നും ദേശീയ സുരക്ഷാ ഏജന്‍സി തീരുമാനിച്ചു. ആവശ്യമെങ്കില്‍ ഇക്കാര്യവും അന്വേഷിക്കാന്‍ ഏജന്‍സി സന്നദ്ധത അറിയിച്ചതാണ്. എന്നാല്‍ കേസ് അന്വേഷണം ഇപ്പോള്‍ അന്തിമ ഘട്ടത്തിലാണെന്നും അതിനിടയില്‍ പുതിയ ഏജന്‍സിയിലേക്ക് അത് മാറ്റുന്നത് ദോഷം ചെയ്യുമെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചതോടെ അന്വേഷണം തത്കാലത്തേക്ക് ഏറ്റെടുക്കേണ്ടെന്ന് എന്‍ഐഎ തീരുമാനിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications