തെളിവെടുപ്പിനായി നസീര്‍ കേരളത്തിലേക്ക്

ബാംഗ്ലൂരില്‍ കഴിഞ്ഞ അഞ്ചു ദിവസമായി നടത്തിയ ചോദ്യം ചെയ്യലില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളും തീവ്രവാദ ക്യാംപുകളും നടത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലേക്ക് കൊണ്ടു വരുന്നത്. കൂടാതെ കൊച്ചി ഇന്‍ഫോ പാര്‍ക്കിലും എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലും ലഷ്‌കര്‍ ഇ തൊയിബ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി നസീര്‍ വെളിപ്പെടുത്തിയിരുന്നു.
നസീറിന്റെ മൊഴികളില്‍ നിര്‍ണായകമായ പലതും കേരളവുമായി ബന്ധപ്പെട്ടായ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് കേരള പൊലീസ് കര്‍ണാടക പൊലീസുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പുറമെ ബോംബ് നിര്‍മാണത്തിന് ഉപയോഗിച്ച ശേഷം ബാക്കിയായ അമോണിയം നൈട്രേറ്റ് വ്യാഴാഴ്ച കണ്ണൂരില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇരുവരെയും നേരിട്ടെത്തിച്ച് തെളിവെടുക്കാന്‍ തീരുമാനമായത്. ഐജി ടോമിന്‍ തച്ചങ്കരിയും കര്‍ണാടക പൊലീസ് മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നസീറിനെയും ഷഫാസിനെയും കേരളത്തിലെത്തിയ്ക്കാന്‍ ധാരണയായത്. ഇരുവരുടെയും വരവ് മുന്‍നിര്‍ത്തി കണ്ണൂരില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേരുന്നുണ്ട്.
ഒരാഴ്ച ഇരുവരും കേരളത്തിലുണ്ടാകുമെന്നാണ് അറിയുന്നത്. അതിനിടെ, കണ്ണൂരിലും എറണാകുളത്തും തെളിവെടുപ്പിനായി കൊണ്ടു പോകും. കേരള പൊലീസിനൊപ്പം കര്‍ണാടക പൊലീസും ഐബി ഉദ്യോഗസ്ഥരും ഇവരെ അനുഗമിക്കും. ഇവരുടെയാത്രയ്ക്ക് സിവില്‍ ഏവിയേഷന്റെ പ്രത്യേക അനുമതി വാങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications