കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെഡ്‌ലി യുഎസ് ചാരന്‍ തന്നെ

  • By Staff
Google Oneindia Malayalam News

Headly
വാഷിങ്ടണ്‍: ഒട്ടേറെ ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിയ്ക്കപ്പെടുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി യുഎസ് ചാരനാണെന്ന സംശയം സ്ഥിരീകരിയ്ക്കപ്പെടുന്നു. ലഹരിമരുന്ന് ഇടപാടുകളില്‍ നേരത്തെ അറസ്റ്റിലായ ഹെഡ്‌ലി പിന്നീട് അമേരിക്കന്‍ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന് (ഡിഇഎ)ന് വിവരങ്ങള്‍ കൈമാറുന്ന ആളായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.

1998 മുതല്‍ പത്ത വര്‍ഷത്തോളം ഹെഡ്‌ലി ഈ ഏജന്‍സിയുടെ വിശ്വസ്തനായി പ്രവര്‍ത്തിച്ചിരുന്നതെന്ന് ഒരു അമേരിക്കന്‍ പത്രം റിപ്പോര്‍ട്ട ്‌ചെയ്യുന്നു. 1988 ല്‍ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ നിന്ന് ദാവൂദ് ഡേവിഡ് ഗിലാനി എന്ന ഹെഡ്‌ലിയെ രണ്ട് കിലോ ഹെറോയിനുമായി ലഹരിമരുന്ന് വിരുദ്ധ സ്‌ക്വാഡ് പിടികൂടിയിരുന്നു. ഫിലാഡല്‍ഫിയയിലേക്ക് പോകാന്‍ വിമാനം കാത്തുനില്‍ക്കുമ്പോളായിരുന്നു ഹെഡ്‌ലി ലഹരിവിരുദ്ധ സക്വാഡിന്റെ കയ്യിലകപ്പെട്ടത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പാകിസ്ഥാനില്‍ നിന്നായിരുന്നു ഹെഡ്‌ലിക്ക് ഹെറോയിന്‍ ലഭിച്ചത്.

എന്നാല്‍ ശിക്ഷാനടപടികളില്‍ നിന്ന് രക്ഷപ്പെടാനായി ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ ചാരനായി പ്രവര്‍ത്തിയ്ക്കാമെന്ന് ഇയാള്‍ സമ്മതിച്ചു. ഇതേ തുടര്‍ന്ന് പാകിസ്ഥാനില്‍ നിന്ന് യുഎസിലേക്ക് മയക്കുമരുന്ന് കടത്തുന്ന മാഫിയകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ കൈമാറി. സര്‍ക്കാര്‍ തലത്തില്‍ ബന്ധങ്ങളുള്ള ലഹരിവിരുദ്ധ സ്‌ക്വാഡിലെ ഉന്നതരുടെ വിശ്വാസവും പ്രീതിയും പിടിച്ചുപറ്റാനായിരുന്നു ഹെഡ്‌ലിയുടെ ശ്രമം. തനിക്കൊപ്പം മയക്കുമരുന്ന് കടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലും ഹെഡ്‌ലി ഈ സ്‌ക്വാഡിന് കൈമാറിയിരുന്നു

ചുരുങ്ങിയ കാലത്തിനുള്ളില്‍ ഉപകാരിയെന്ന പേരെടുത്ത ഹെഡ്‌ലിയുടെ ശിക്ഷ ഇളവു ചെയ്യണമെന്ന നിലപാടില്‍ പ്രോസിക്യൂട്ടര്‍മാര്‍ ഒടുവില്‍ എത്തിച്ചേര്‍ന്നു. ക്രമേണ യഥേഷ്ടം എവിടെയും സഞ്ചരിക്കാനുള്ള അനുവാദവും നല്‍കി. പിന്നീട് 1997 ലും ഇയാള്‍ ഹെറോയിനുമായി അറസ്റ്റിലായി. ന്യൂയോര്‍ക്കില്‍ നിന്നായിരുന്നു അന്ന് ഹെഡ്‌ലിയെ പിടികൂടിയത്. എന്നാല്‍ അന്നും ഇതേ കാരണം പറഞ്ഞ് ഹെഡ്‌ലി ശിക്ഷ ഇളവു ചെയ്തുവാങ്ങുകയായിരുന്നു.

97 ല്‍ ലഹരി കടത്തുകേസില്‍ പിടിയിലായ ഹെഡ്‌ലി പതിനഞ്ച് മാസം മാത്രമായിരുന്നു ജയിലില്‍ കിടന്നത്. ഇതിന് ശേഷമാണ് ഇയാള്‍ ദാവൂദ് ഡേവിഡ് ഗിലാനി എന്ന പേരുമാറ്റി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്ന പേര് സ്വീകരിച്ചത്. 1980 ല്‍ തന്റെ അമ്മയുടെ ബാറില്‍ വെച്ച് പരിചയപ്പെട്ട ഒരു ഫിലാഡല്‍ഫിയക്കാരി യുവതിയെ ഹെഡ്‌ലി വിവാഹം കഴിച്ചിരുന്നതായും ഫിലാഡല്‍ഫിയ എന്‍ക്വയറര്‍ എന്ന പത്രത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഒരു പാക് സ്വദേശിയായ നയതന്ത്രജ്ഞനാണ് ഹെഡ്‌ലിയുടെ പിതാവ്. അമേരിക്കക്കാരിയാണ് അമ്മ. പതിനാറാം വയസിലാണ് പിതാവുമായുള്ള ബന്ധം അവസാനിപ്പിച്ച അമ്മയ്‌ക്കൊപ്പം ഹെഡ്‌ലി അമേരിക്കയിലെത്തിയത്.

ഇന്ത്യയിലും ഡെന്‍മാര്‍ക്കിലും ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടുവെന്ന് ആരോപിച്ച് ഒക്‌ടോബര്‍ മൂന്നിന് യുഎസ് കുറ്റാന്വേഷണ ഏജന്‍സി എഫ്ബിഐ അറസ്റ്റു ചെയ്ത ഹെഡ്‌ലിയ്‌ക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. മരണശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നതെന്നറിയുന്നു. എന്നാല്‍ നേരത്തേ യുഎസ് ചാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയ സാഹചര്യത്തില്‍ മരണശിക്ഷയില്‍നിന്ന് ഹെഡ്‌ലി രക്ഷപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X