നീലകണ്ഠന്റെ സ്ഥലമാറ്റം ഹൈക്കോടതി ശരിവെച്ചു

സ്ഥലംമാറ്റത്തിനു വിധേയമാകുന്ന തസ്തികയിലാണ് നീലകണ്ഠന് നിയമനം ലഭിച്ചിട്ടുള്ളത്. ജീവനക്കാരന്റെ സേവനം ഏതുതരത്തില്‍ വിനിയോഗിക്കണമെന്ന കാര്യം തൊഴിലുടമയ്ക്കു തീരുമാനിക്കാന്‍ അവകാശമുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. സേവന വ്യവസ്ഥയ്ക്കു വിധേയമായി തൊഴില്‍ ഉടമ സ്വീകരിക്കുന്ന നടപടികളില്‍ മതിയായ കാരണങ്ങളില്ലാതെ കോടതിക്ക് ഇടപെടാനാവില്ല. ദുരുദ്ദേശപരമാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ തൊഴിലുടമയുടെ തീരുമാനത്തില്‍ ഇടപെടാനാവൂ.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് അയിരൂരില്‍ നിന്ന് തന്നെ സ്ഥലംമാറ്റിയതെന്ന നീലകണ്ഠന്റെ വാദം ഹൈക്കോടതി തള്ളി. ലാവലിന്‍ വിഷയത്തില്‍ പിണറായി വിജയനെതിരെയും പൊതുവില്‍ സിപിഎമ്മിനെതിരെയും ലേഖനമെഴുതുകയും നിലപാട് സ്വീകരിയ്ക്കുകയും ചെയ്തതിന്റെ പ്രതികാരമെന്നോണം പിണറായിയും പാര്‍ട്ടി നേതൃത്വവും വ്യവസായ മന്ത്രിയില്‍ സ്വാധീനം ചെലുത്തി തന്നെ സ്ഥലം മാറ്റിയെന്നായിരുന്നു നീലകണ്ഠന്റെ ആരോപണം.
ആരോപണങ്ങള്‍ തെളിയിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. കെല്‍ട്രോണ്‍ കമ്പനിക്കു ലാവലിനുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ഹര്‍ജിക്കാരനു തെളിയിക്കാനായില്ല. കമ്പനിയിലെ ആര്‍ക്കെങ്കിലും തന്നോടു വിരോധമുണ്ടെന്ന് തെളിയിക്കാനും ഹര്‍ജിക്കാരനായില്ല. ഹൈദരാബാദിലേക്കു സ്ഥലംമാറ്റാന്‍ കെല്‍ട്രോണിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്നു തെളിയിക്കാത്തിടത്തോളം ഹര്‍ജിയില്‍ അനുകൂല ഉത്തരവ് പുറപ്പെടുവിയ്ക്കാനാകില്ല.
ഹര്‍ജിക്കാരന്റെ ആരോപണങ്ങള്‍ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കാന്‍ പറ്റുന്ന ന്യായീകരണമല്ല. അനുഭവപരിചയമുള്ള എന്‍ജിനീയറെന്ന നിലയിലാണ് ഹൈദരാബാദിലെ വിവിധ പ്രതിരോധ വികസന ഗവേഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെടാനും ബിസിനസ് വര്‍ധിപ്പിക്കാനുമുള്ള ഉദ്യോഗസ്ഥനായി നീലകണ്ഠനെ നിയമിച്ചതെന്നും കോടതി പറഞ്ഞു. സ്ഥലംമാറ്റം ബാധകമായ തസ്തികയാണ് നീലകണ്ഠന്‍ വഹിയ്ക്കുന്നത്. ഹര്‍ജി അനുവദിച്ചാല്‍ ഹര്‍ജിക്കാരനെ ഒരിക്കലും സ്ഥലംമാറ്റാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.












Click it and Unblock the Notifications