തെലുങ്കാന:ആന്ധ്ര അനിശ്ചതകാല ബന്ദിലേയ്ക്ക്
ഹൈദരാബാദ്: തെലുങ്കാന പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുന്നു. പ്രത്യേക സംസ്ഥാനത്തിനുവേണ്ടി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനായി മേഖലയില്‍ അനിശ്ചിതകാല ബന്ദ് നടത്തുമെന്ന് സംയുക്ത സമര മുന്നണി പ്രഖ്യാപിച്ചു.
സംസ്ഥാന രൂപീകരണത്തിന് ഒരു തീയതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി തിങ്കളാഴ്ച കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ അന്ത്യശാസനം ചെവിക്കൊണ്ടില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല ബന്ദ് ആരംഭിക്കും. ടിആര്‍എസ്. നേതാവ് കെ. ചന്ദ്രശേഖര റാവുവാണ് സമരസമിതി യോഗത്തില്‍ ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.
എന്നാല്‍ അനിശ്ചിതകാല ബന്ദിനോട് ഒരു വിഭാഗം യോജിച്ചിട്ടില്ല. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് അംഗങ്ങളുടെ തീരുമാനം ശനിയാഴ്ചയേ ഉണ്ടാവുകയുള്ളൂ. തെലുങ്കുദേശം അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തില്ല.
പാര്‍ട്ടി നേതാവ് എന്‍. ജനാര്‍ദ്ദന്‍ റെഡ്ഡിക്കെതിരെ ഉസ്മാനിയ സര്‍വകലാശാലയില്‍ വച്ച് ആക്രമണമുണ്ടായതില്‍ പ്രതിഷേധിച്ചാണ് ടിഡിപിക്കാര്‍ യോഗത്തില്‍ നിന്നു വിട്ടുനിന്നത്.
അതിനിടെ സംസ്ഥാന രൂപവത്കരത്തിനുവേണ്ടി തെലുങ്കാന മേഖലയിലെ മുഴുവന്‍ സംസ്ഥാന മന്ത്രിമാരും രാജിവച്ചു. പതിമ്മൂന്ന് മന്ത്രിമാരും സംയുക്തമായി ഒപ്പിട്ട രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഫാക്‌സ് ചെയ്യുകയായിരുന്നു.
മുഖ്യമന്ത്രി കെ. റോസയ്യയെ സന്ദര്‍ശിച്ചശേഷമാണ് അവര്‍ സോണിയക്ക് രാജിക്കത്ത് അയച്ചുകൊടുത്തത്. തെലുങ്കാന മേഖലയിലെ ജനങ്ങളുടെ വികാരം കണക്കിലെടുത്താണ് തങ്ങള്‍ രാജിവയ്ക്കുന്നതെന്ന് മന്ത്രിമാര്‍ പറഞ്ഞു.
ഇവരുടെ രാജി സ്വീകരിച്ചാല്‍ റോസയ്യ മന്ത്രിസഭയുടെ അംഗസംഖ്യ ഇരുപത്തിയൊന്നായി ചുരുങ്ങും. തെലുങ്കാന സംസ്ഥാനത്തിനുവേണ്ടി ഇതുവരെയായി 64 അംഗങ്ങള്‍ രാജി സമര്‍പ്പിച്ചുകഴിഞ്ഞു. പതിനഞ്ച് എംപിമാരും രാജിക്ക് ഒരുങ്ങിനില്‍ക്കുകയാണ്.












Click it and Unblock the Notifications