കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗികാപവാദം: തിവാരി ഗവര്‍ണര്‍ പദവി രാജിവച്ചു

  • By Staff
Google Oneindia Malayalam News

N D Tiwari
ഹൈദരാബാദ്: ലൈംഗികാപവാദത്തിലകപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരി ആന്ധ്രപ്രദേശ് ഗവര്‍ണര്‍സ്ഥാനം രാജിവെച്ചു.

ആരോഗ്യപരമായ കാരണങ്ങളാല്‍ സ്ഥാനമൊഴിയുന്നുവെന്നാണ് അദ്ദേഹം രാഷ്ട്രപതി പ്രതിഭാപാട്ടീലിനയച്ച രാജിക്കത്തില്‍ പറയുന്നത്.

പ്രായമുള്ള തിവാരിയെപ്പോലെ തോന്നിക്കുന്ന ഒരാള്‍ മൂന്നു സ്ത്രീകള്‍ക്കൊപ്പം കിടപ്പറ പങ്കിടുന്നതിന്റെ വിവാദദൃശ്യം സ്വകാര്യ ടി.വി.ചാനലായ 'എ.ബി.എന്‍-ആന്ധ്രജ്യോതി'കഴിഞ്ഞദിവസം സംപ്രേഷണം ചെയ്തിരുന്നു.

എണ്‍പത്തിയാറുകാരനായ തിവാരിയാണിതെന്നാണ് ചാനല്‍ റിപ്പോര്‍ട്ടുചെയ്തത്. സംഭവം ദേശീയതലത്തില്‍ വിവാദമുയര്‍ത്തി. വിവാദത്തെത്തുടര്‍ന്ന് തിവാരിയെ നീക്കണമെന്ന് ബിജെപിയും തെലുങ്കുദേശവും സിപിഎമ്മും ഉള്‍പ്പെടുന്ന പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു വിവിധ വനിതാ സംഘടനകള്‍ രാജ്ഭവനു മുന്നില്‍ പ്രതിഷേധസമരവും തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് തിവാരിയുടെ രാജി.

ലക്ഷദ്വീപ് സന്ദര്‍ശനത്തിലുള്ള രാഷ്ട്രപതി മടങ്ങിയെത്തിയാലുടന്‍ കേന്ദ്രസര്‍ക്കാറിന്റെ ശുപാര്‍ശ പ്രകാരം രാജി സ്വീകരിക്കും. ഛത്തീസ്ഗഢ് ഗവര്‍ണര്‍ ഇ.എല്‍.എസ് നരസിംഹന് ആന്ധ്രയുടെ അധികച്ചുമതല നല്‍കുമെന്നാണ് സൂചന.

ചാനല്‍ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതവും തനിക്കെതിരെയുള്ള ഗൂഢനീക്കത്തിന്റെ ഭാഗവുമാണെന്ന് തിവാരി കുറ്റപ്പെടുത്തി. സംഭവം വിവാദമായതോടെ മുഖം രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തിവാരിയോട് രാജി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് അറിയുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കളായ പ്രണബ് മുഖര്‍ജി, എ.കെ. ആന്റണി എന്നിവര്‍ അടിയന്തരയോഗം ചേര്‍ന്ന് പ്രതിസന്ധി ചര്‍ച്ചചെയ്തു.

ഒളിക്യാമറയിലൂടെയാണ് രാജ്ഭവനിലെ വിവാദ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് 'എ.ബി.എന്‍. ആന്ധ്രജ്യോതി' ചാനല്‍ അവകാശപ്പെട്ടു. രാജ്ഭവനില്‍ ജോലി നോക്കുന്ന ചില പെണ്‍കുട്ടികള്‍ തിവാരിയുമായി ഇടപഴകുന്ന ദൃശ്യങ്ങളും ചാനല്‍ കാണിച്ചിരുന്നു.

ഒപ്പം ഉത്തരാഖണ്ഡിലെ രാധിക എന്ന സ്ത്രീയുടെ മൊഴിയുമുണ്ട്. തിവാരിയുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ സഹായിവഴി രാജ്ഭവനില്‍ ഒരു സ്ത്രീയെ എത്തിച്ചുകൊടുത്തതായി അവര്‍ സമ്മതിച്ചു. ആന്ധ്രയില്‍ ഖനിലൈസന്‍സ് ഏര്‍പ്പാടാക്കിക്കൊടുക്കാമെന്ന വാഗ്ദാനം തിവാരി ലംഘിച്ചതിനാലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും അവര്‍ പറഞ്ഞു.

രാജ്ഭവന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ആന്ധ്ര ഹൈക്കോടതി ഇടപെട്ടാണ് വിവാദ ദൃശ്യങ്ങളുടെ സംപ്രേഷണം നിര്‍ത്തിവെപ്പിച്ചത്. തിവാരി ചാനലിനെതിരെ അപകീര്‍ത്തി നോട്ടീസും അയച്ചു.

എന്നാല്‍, ചാനലില്‍ കാണിച്ചതെല്ലാം യഥാര്‍ഥ ദൃശ്യങ്ങളാണെന്നും അത് തെളിയിക്കാനാവശ്യമായ തെളിവുകളുണ്ടെന്നും 'എ.ബി.എന്‍-ആന്ധ്രജ്യോതി' ചീഫ് എഡിറ്റര്‍ വി. രാധാകൃഷ്ണ പറഞ്ഞു. അപകീര്‍ത്തിക്കേസ് കോടതിയിലെത്തിയാല്‍ തെളിവുകള്‍ ഹാജരാക്കും. തിവാരി അദ്ദേഹമിരിക്കുന്ന സ്ഥാനത്തെ അപമാനിച്ചതിനാലാണ് വിവാദദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X