തെലുങ്കാന: സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായില്ല

തെലുങ്കാന സംസ്ഥാന രൂപീകരണം സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ യോഗത്തില്‍ കേന്ദ്രത്തെ അറിയിച്ചതായി പ്രതിനിധികള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ തെലുങ്കാനയുടെ പേരില്‍ ആന്ധ്രയില്‍ ഇപ്പോള്‍ നടന്നു വരുന്ന പ്രക്ഷോഭങ്ങള്‍ അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാ പാര്‍ട്ടികളും ആഹ്വാനം ചെയ്തതായി യോഗാവസാനം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ആന്ധ്രമുഖ്യമന്ത്രി കെ റോസയ്യ, ടിആര്‍എസ് നേതാവ് ചന്ദ്രശേഖര റാവു, പ്രജാരാജ്യം നേതാവ് ചിരഞ്ജീവി എന്നിവരടക്കം സംസ്ഥാനത്തെ എട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായാണ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്.
കെഎസ് റാവു, ഉത്തംകുമാര്‍ റെഡ്ഡി (കോണ്‍ഗ്രസ്), സി രാമചന്ദ്രയ്യ (പ്രജാരാജ്യം), വൈ. രാമകൃഷ്ണഡു, ആര്‍.പ്രകാശ് (ടിഡിപി), ബന്ദാരു ദത്താത്രയ, ഹരി ബാബു (ബിജെപി.), ബി.വി രാഘവലു, ജെ രംഗറെഡ്ഡി (സിപിഎം), കെ നാരായണന്‍, മലേഷ് (സിപിഐ), അസാദുദ്ദീന്‍ ഒവൈസി, അക്ബറുദ്ദീന്‍ ഒവൈസി (എംഐഎം) എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
പത്യേക തെലുങ്കാന സംസ്ഥാനം രൂപീകരണുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാരിനെ സഹായിക്കുകയാണ് വേണ്ടതെന്ന് യോഗം ആരംഭിച്ചപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം വ്യക്തമാക്കിയിരുന്നു.
തെലുങ്കാന പ്രശ്‌നത്തിന്റെ പേരില്‍ ആന്ധ്രയില്‍ ജനജീവിതം സ്തംഭിപ്പിച്ചും, ക്രമസമാധാന നില തകര്‍ത്തും നടക്കുന്ന സംഭവങ്ങള്‍ അവസാനിപ്പിക്കണം. ഇത്തരം ബന്ദും പ്രക്ഷോഭങ്ങളുമെല്ലാം സംസ്ഥാനത്തെ ജനങ്ങളെ ഒട്ടാകെയാണ് ബാധിക്കുന്നത്. അതിനാല്‍ ഈ പ്രക്ഷോഭങ്ങള്‍ക്കെല്ലാം അറുതി വരുത്തിയേ മതിയാവുവെന്നും യോഗത്തില്‍ ചിദംബരം പറഞ്ഞു. തെലുങ്കാന രൂപീകരണത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു തിടക്കുവും കാണിച്ചിട്ടില്ല. തെലങ്കാന രൂപീകരിക്കാനുള്ള തീരുമാനം ആന്ധ്രയിലെ സര്‍വകക്ഷി യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നിലെ്‌ളന്നും ചിദംബരം പറഞ്ഞു.
ചര്‍ച്ചയ്ക്കായി നേരത്തേതന്നെ ദില്ലിയിലെത്തിയ മുഖ്യമന്ത്രി കെ റോസയ്യ തിങ്കളാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് , ആഭ്യന്തരമന്ത്രി എന്നിവരുമായി പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു.
ചര്‍ച്ചയെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി റോസയ്യയുടെ പ്രതികരണം. അതേസമയം സംസ്ഥാന രൂപവത്കരണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കണമെന്ന് ചന്ദ്രശേഖര റാവു ആവശ്യപ്പെട്ടു.












Click it and Unblock the Notifications