കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഭീകരരെ വധിച്ചു ലാല്‍ ചൗക്ക് ഓപ്പറേഷന് അവസാനിച്ചു
ശ്രീനഗര്‍: മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ ശ്രീനഗറിലെ ലാല്‍ ചൗക്കിലെ ഹോട്ടലില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ ഭീകരരെ 22 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സൈനികര്‍ വധിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് സിആര്‍പിഎഫ് ജവാന്മാര്ക്ക് നേരെ ആക്രമണം നടത്തിയതിന് ശേഷം സമീപത്തെ ഹോട്ടലില്‍ കയറി ഒളിച്ച ജമാ അത്ത് ഉല് മുജാിദ്ദീന് എന്ന സംഘടനയുടെ രണ്ട് ചാവേറുകളാണ് സിആര്‍പിഎഫും സംസ്ഥാന പൊലീസും നടത്തിയ ഓപ്പറേഷനില്‍ കൊല്ലപ്പെട്ടത്.
ഭീകരര്‍ നടത്തിയ ആക്രമണങ്ങളില്‍ ഒരു പോലീസ് ഡ്രൈവറും ഒരു സിആര്‍പിഎഫ് ജവാനും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു. ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ള സ്ഥാനമേറ്റ് ഒരു വര്‍ഷം തികഞ്ഞതിന്റെ പിറ്റേന്നാണ് ആക്രമണമുണ്ടായത്.
ഭീകരരുടെ പക്കല്‍ സ്ഫോടകവസ്തുക്കളുണ്ടാകാമെന്ന നിഗമനത്തില്‍ ഏറെ മുന്‍കരുതലോടെയാണ് സേന പ്രത്യാക്രമണം നടത്തിയത്. ആക്രമണത്തെത്തുടര്‍ന്ന് പ്രദേശത്ത് അകപ്പെട്ടുപോയ നൂറുകണക്കിനാളുകളെ സൈനികര്‍ രക്ഷപ്പെടുത്തി.