കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ കാര്‍ട്ടൂണ്‍ ആസ്ത്രേലിയയെ ചൊടിപ്പിച്ചു

  • By Staff
Google Oneindia Malayalam News

Cartoon
മെല്‍ബണ്‍: ആസ്ത്രേലിയയിലെ വംശീയാക്രമണങ്ങളെപ്പറ്റി ഇന്ത്യയിലെ പത്രത്തില്‍ വന്ന കാര്‍ട്ടൂണിനെതിരെ വിക്ടോറിയ സംസ്ഥാനത്തെ ഭരണകൂടം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.

മെയില്‍ ടുഡേ എന്ന പത്രത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ആണ് വിവാദമായിരിക്കുന്നത്. വിക്ടോറിയ പോലീസില്‍ വംശീയ വിദ്വേഷം ആരോപിക്കുന്ന കാര്‍ട്ടൂണ്‍ നിന്ദ്യവും തെറ്റിദ്ധാരണാജനകവുമാണെന്നാണ്‌ അധികൃതരുടെ പക്ഷം.

എന്നാല്‍ ആസ്ത്രേലിയയിലെ അക്രമസംഭവങ്ങളില്‍ ഇന്ത്യന്‍ ജനതയ്‌ക്കുള്ള വികാരം പ്രകടിപ്പിക്കുക മാത്രമാണ്‌ ചെയ്‌തതെന്നാണ്‌ 'മെയില്‍ ടുഡേ' പത്രത്തിന്റെ വിശദീകരണം.

മെല്‍ബണില്‍ നിതിന്‍ ഗാര്‍ഗ്‌ എന്ന ഇന്ത്യന്‍ യുവാവ്‌ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ ചൊവ്വാഴ്‌ചയാണ്‌ ദില്ലിയില്‍ നിന്നും പുറത്തിറങ്ങുന്ന 'മെയില്‍ ടുഡേ'യില്‍ വിവാദ കാര്‍ട്ടൂണ്‍ വന്നത്‌.

വെള്ളക്കാരുടെ വംശവെറിയന്‍ അക്രമി സംഘമായിരുന്ന 'കു ക്ലസ്‌ ക്ലാനി'ന്റെ വെളുത്ത ശിരോവസ്‌ത്രവും വിക്ടോറിയന്‍ പോലീസിന്റെ ബാഡ്‌ജും ധരിച്ച രൂപം 'കുറ്റകൃത്യത്തിന്റെ സ്വഭാവം നിര്‍ണയിച്ചു വരുന്നേയുള്ളൂ' എന്നു പറയുന്നതരത്തിലാണ് കാര്‍ട്ടൂണ്‍‌.

സഹിഷ്‌ണുതയ്‌ക്ക്‌ പേരുകേട്ട വിക്ടോറിയ പോലീസിനെ വംശവെറിയന്‍ സംഘടനയോട്‌ ഉപമിക്കുന്നത്‌ നികൃഷ്ടമാണെന്ന്‌ വിക്ടോറിയയിലെ ആഭ്യന്തര മന്ത്രി ബോബ്‌ കാമറൂണ്‍ പറഞ്ഞു. ഇത്തരമൊരു പരാമര്‍ശം അധിക്ഷേപകരമാണെന്ന്‌ ഉപപ്രധാനമന്ത്രി ജൂലിയ ഗിലാര്‍ഡും പറഞ്ഞു.

നര്‍മബോധവും വിവേചന ശേഷിയുമുള്ളവരാണ്‌ ആസ്‌ത്രലിയയില്‍ കാര്‍ട്ടൂണുകള്‍ വരയ്‌ക്കുന്നതെന്നും ഈ കാര്‍ട്ടൂണില്‍ അതു രണ്ടുമില്ലെന്നുമായിരുന്നു വിക്ടോറിയ പോലീസ്‌ അസോസിയേഷന്‍ സെക്രട്ടറി ഗ്രെഗ്‌ ഡേവിസിന്റെ പ്രതികരണം.

എന്നാല്‍ കാര്‍ട്ടൂണില്‍ അപലപനീയമായി ഒന്നുമില്ലെന്ന്‌ 'മെയില്‍ ടുഡേ' എഡിറ്റര്‍ ഭരത്‌ ഭൂഷണ്‍ പറഞ്ഞു. വംശീയാതിക്രമങ്ങള്‍ വരുമ്പോള്‍ അടിയന്തര നടപടിയെടുക്കാത്ത ആസ്‌ത്രേലിയന്‍ പോലീസില്‍ വംശീയ വിദ്വേഷം ആരോപിക്കേണ്ടിവരുമെന്ന്‌ അദ്ദേഹം ന്യായീകരിച്ചു.

ഇന്ത്യക്കാര്‍ക്ക്‌ നേരെയുള്ള അക്രമങ്ങള്‍ വംശീയമാണെന്നു സമ്മതിക്കാന്‍ പോലും തയ്യാറാകാത്ത ആസ്‌ത്രേലിയന്‍ പോലീസിന്റെ മനോഭാവത്തോട്‌ ഇന്ത്യക്കാര്‍ക്കുള്ള പ്രതികരണമാണ്‌ കാര്‍ട്ടൂണില്‍ പ്രതിഫലിച്ചതെന്ന്‌ കാര്‍ട്ടൂണിസ്റ്റ്‌ ആര്‍.പ്രസാദ്‌ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X