കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലേക്ക് ചൈനീസ് കടന്നുകയറ്റം

Google Oneindia Malayalam News

China grabs more Indian land
ദില്ലി: ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒട്ടേറെ ഭൂമി ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ ഏറെ സാവധാനത്തിലാണ് ഈ ഭൂമി നഷ്ടം ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വിശദീകരിയ്ക്കുന്നു. അതിര്‍ത്തിയിലെ നിയന്ത്രണ രേഖയുടെ കൃത്യമായ ഭൂപടം സൂക്ഷിയ്ക്കാത്തതിനാലാണ് ഇതുണ്ടായിരിക്കുന്നത്.

നിയന്ത്രണരേഖയോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ ചൈനീസ് സേന കൈയേറ്റം നടത്തുന്നതായുള്ള പരാതികളെക്കുറിച്ച് അന്വേഷിക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

മേഖലയുടെ ശരിയായ ഒരു ഭൂപടം പോലും നിലവിലില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിയ്ക്കുന്നു. വിവിധ ഏജന്‍സികള്‍ പല കാലയളവില്‍ തയ്യാറാക്കിയിട്ടുള്ള ഭൂപടങ്ങളില്‍ ഒട്ടേറെ പൊരുത്തക്കേടുകളുമുണ്ട്. ഇത് വലിയ ആശയക്കുഴപ്പമാണ് വരുത്തിവെയ്ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജമ്മുകശ്മീരിലെ ലേയില്‍ കമ്മീഷണര്‍ എകെ സാഹുവിന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും സൈന്യത്തിന്റെയും പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.

നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ കന്നുകാലികളെ മേക്കാനെത്തുന്നവരെ ചൈനീസ് സേന വിരട്ടിയോടിക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. നാടോടികളുടെ കൂടാരങ്ങള്‍ ചൈനീസ് ഭടന്മാര്‍ തകര്‍ത്ത സംഭവങ്ങളുമുണ്ടായി.

ചൈനീസ് സേനയുടെ ഇത്തരം നടപടികള്‍ കൈയേറ്റശ്രമത്തിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. "ഓരോ വാര വീതം മുന്നേറുന്നതിനെക്കാള്‍ നല്ലത് ഇഞ്ചുകളായി കീഴടക്കുന്നതാണ്" എന്ന ചൈനീസ് പഴഞ്ചൊല്ലിനെ ശരിവെയ്ക്കുന്ന രീതിയിലാണ് ചൈനയുടെ നടപടിയെന്ന് സബ്ഡിവിഷനല്‍ മജിസ്‌ട്രേറ്റ് സെറിങ് നോര്‍ബു യോഗത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചു വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നോര്‍ബുവിനെ ചുമതലപ്പെടുത്തിയിരുന്നു.

മൗണ്ട് ഗ്യായിലെ യഥാര്‍ഥ നിയന്ത്രണ രേഖ ബ്രിട്ടിഷ് ഭരണകാലത്തു തയാറാക്കിയതാണ്. അതിര്‍ത്തി സംബന്ധിച്ച് കൃത്യമായ ഭൂപടങ്ങളും രേഖകളും തയാറാക്കി സൂക്ഷിച്ചില്ലെങ്കില്‍ ഇന്ത്യ അതിര്‍ത്തി ഇനിയും ചുരുങ്ങുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X