കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതം, സക്കറിയ: പിണറായിയുടെ മറുപടി

Google Oneindia Malayalam News

Pinarayi Vijayan
തിരുവനന്തപുരം: മതത്തെയും മതവിശ്വാസത്തെയുമല്ല വര്‍ഗ്ഗീയതയെയും മതമൗലിക വാദത്തെയുമാണ് സിപിഎം എതിര്‍ക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എല്ലാ മതവിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കാന്‍ വേണ്ടി ജീവന്‍ കൊടുത്തു പോരാടുന്നവരാണ് തങ്ങളെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിനെതിരെ ആലപ്പുഴ മുന്‍ എംപി കെഎസ് മനോജ് ഉപയോഗിക്കുന്ന ആയുധം ഏറെ പഴകിയതാണെന്നും അത് കൊണ്ടൊന്നും തകരുന്ന പാര്‍ട്ടിയല്ല ഇതെന്നും പിണറായി ഓര്‍മ്മിപ്പിച്ചു. മനോജിന്റെ ഇപ്പോഴത്തെ വെളിപാടുകളും പെരുമാററവും മര്യാദയോടെയാണോയെന്ന് പരിശോധിക്കണം. സിപിഎമ്മിന്റെ നിലപാടും നയങ്ങളും എല്ലാവര്‍ക്കും അറിയാവുന്നതാണ്. മനോജിന്റെ പുതിയ വെളിപാട് കൊണ്ട് സിപിഎമ്മിന്റെ ജനവിശ്വാസം ഇടിയുമെന്ന പ്രതീക്ഷയൊന്നും ആര്‍ക്കും വേണ്ട. ന്യൂനപക്ഷങ്ങള്‍ അവരുടെ രക്ഷയ്ക്ക് ഉറച്ച് വിശ്വസിക്കാവുന്ന പാര്‍ട്ടിയാണ് സിപിഎം എന്ന് അനുഭവത്തിലൂടെ അറിഞ്ഞിട്ടുളളതാണ്. ദൈവവിശ്വാസിക്ക് അവന്റെ വിശ്വാസം സംരക്ഷിക്കാന്‍ ജീവന്‍ കളഞ്ഞും പോരാടുന്നവരാണ് ഞങ്ങള്‍.

പെട്ടെന്നു ദൈവവിളിയുണ്ടായ മനോജ് സിപിഎം സ്ഥാനാര്‍ഥിയായപ്പോഴും അരപ്പാതിരിയായിരുന്നു. സിപിഎമ്മില്‍ വരുമ്പോള്‍ തന്നെ കെഎസ് മനോജ് അരപ്പാതിരിയായിരുന്നു. ചിലപ്പോള്‍ പാതിരിമാരെയും സിപിഎം സ്ഥാനാര്‍ഥിയാക്കാറുണ്ട്. പൊതുജന പിന്തുണ വേണമെന്ന് മാത്രം. സിപിഎമ്മില്‍ അംഗത്വമെടുക്കാന്‍ മനോജിനെ ഞങ്ങള്‍ നിര്‍ബന്ധിച്ചിട്ടില്ല. മനോജാണ് താല്പര്യം പ്രകടിപ്പിച്ചത്. സിപിഎമ്മും ചില മതമേധാവികളും തമ്മിലുണ്ടായ വാക് തര്‍ക്കം ഒക്കെ പരസ്യമായി നടന്നതാണ്. അന്നൊന്നും മനോജ് ഒരെതിര്‍പ്പും പറഞ്ഞിട്ടില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.

സക്കറിയ വിവാദത്തെ കുറിച്ചും പിണറായി സംസാരിച്ചു. പയ്യന്നൂര്‍ സംഭവം ഡിവൈഎഫ്‌ഐയുടെ മേല്‍ കെട്ടിവയ്ക്കാന്‍ സക്കറിയ ശ്രമിക്കേണ്ട. സദസറിഞ്ഞുവേണം പ്രസംഗകര്‍ യോഗങ്ങളില്‍ സംസാരിക്കേണ്ടത്. സക്കറിയയുടെ നിലപാടുകളെ അംഗീകരിക്കുന്ന നിലപാടാണ് തങ്ങള്‍ സ്വീകരിച്ചിട്ടുളളത്. എന്നാല്‍ പയ്യന്നൂര്‍ പോലെയൊരു സ്ഥലത്ത് കമ്യൂണിസ്‌ററ് ആചാര്യന്മാരെ വിമര്‍ശിച്ചത് ശരിയായില്ല. ക്രിസ്തു മതക്കാരുടെ യോഗത്തില്‍ ക്രിസ്തുവിനെയോ, ഇസ്‌ലാം മതക്കാരുടെ യോഗത്തില്‍ അല്ലാഹുവിനെയോ മോശമായി സംസാരിച്ചാല്‍ എന്തായിരിക്കും പ്രതികരണം. അതാണ് സര്‍ക്കറിയയുടെ കാര്യത്തില്‍ പയ്യന്നൂരില്‍ സംഭവിച്ചത്.

ഒളിവുകാലത്ത് കമ്യൂണിസ്‌ററ് നേതാക്കള്‍ ലൈംഗിക അരാജകത്വം നടത്തിയെന്ന പ്രയോഗം അതിരുവിട്ടതായി. ഇഎംഎസ്, എകെജി, പി.കെ കുഞ്ഞമ്പു, സുബ്രഹ്മണ്യ ഷേണായി എന്നീ മഹത് വ്യക്തികളെപ്പറ്റിയായിരുന്നു സക്കറിയയുടെ പരാമര്‍ശം. തങ്ങള്‍ ആരാധിയ്ക്കുന്ന നേതാക്കളെ ആക്ഷേപിക്കുന്ന നില വന്നപ്പോള്‍ നിങ്ങള്‍ പറഞ്ഞത് ശരിയല്ലെന്ന് ഒരാള്‍ പറയുകയായിരുന്നു.

ലൈംഗിക വൈകൃതത്തെക്കുറിച്ചു സക്കറിയയ്ക്കു പ്രത്യേക രീതിയിലുള്ള വീക്ഷണമാണുള്ളത്. ഒഴിഞ്ഞ വീട് വ്യഭിചാരകേന്ദ്രമായാല്‍ ചുറ്റുപാടുമുള്ള ജനം അവമതിപ്പോടെയാകും കാണുക. അതാണ് മഞ്ചേരിയില്‍ സംഭവിച്ചത്. വീടിനു ചുറ്റും തടിച്ചുകൂടിയവരില്‍ കോണ്‍ഗ്രസുകാരും ഉണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാവുണ്ടെന്നറിഞ്ഞ് അവര്‍ സ്ഥലംവിട്ടു പിണറായി പറഞ്ഞു.

സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ നേതാക്കളായ പി.ശ്രീരാമകൃഷ്ണന്‍, തപന്‍സിന്‍ഹ, സംസ്ഥാന നേതാക്കളായ എംബി രാജേഷ്, ടിവി രാജേഷ്, കെഎസ് സുനില്‍കുമാര്‍, എസ്എഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി പി.കെ ബിജു, മന്ത്രി എം വിജയകുമാര്‍, സിപിഎം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X