ലോറി മറിഞ്ഞ് 11 അയ്യപ്പഭക്തന്മാര്‍ മരിച്ചു

ശിവകൃഷ്ണ (20), ശിവകൃഷ്ണ (19), തിരുമല്‍റാവു (20), രമേശ് (25), രാജേശ്വരറാവു (20), യേശുബാബു (24), പ്രസാദ് (24), ചിന്തു (23) എന്നിവരാണ് മരിച്ചത്. ഇവര്‍ വിജയവാഡ സ്വദേശികലാണ്. ഇവരുടെ മൃതദേഹങ്ങള്‍ എരുമേലി ഗവണ്‍മെന്റ് ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് അപകടമുണ്ടായത്. എരുമേലിയില്‍ നിന്ന് പേട്ട തുള്ളലിനുശേഷം ശബരിമല ദര്‍ശനത്തിനുപോയ ഭക്തരാണ് ലോറിയില്‍ ഉണ്ടായിരുന്നത്.
നിയന്ത്രണംവിട്ട ലോറി റോഡരികിലെ മണ്‍തിട്ടയില്‍ ഇടിച്ചാണ് മറിഞ്ഞത്. ലോറിയില്‍ മണല്‍ നിറച്ച് കൂടാരംപോലെ മേല്‍ക്കൂരയുണ്ടാക്കി അതിലാണ് അയ്യപ്പഭക്തര്‍ വന്നത്.
ദീര്‍ഘയാത്രയില്‍ കുലുക്കം ഉണ്ടാകാതിരിക്കാനാണ് മണല്‍ നിറച്ചത്. ലോറി, മണ്‍തിട്ടയില്‍ ഇടിച്ചു മറിഞ്ഞപ്പോള്‍ മണല്‍ മുഴുവന്‍ അയ്യപ്പഭക്തര്‍ക്കു മുകളില്‍ പതിക്കുകയായിരുന്നു. മണ്ണില്‍പ്പെട്ട് ശ്വാസംമുട്ടിയാണ് കൂടുതല്‍പേരും മരിച്ചത്.
അപകടത്തിനു തൊട്ടുമുമ്പുവരെ മഴയുണ്ടായിരുന്നു. നനഞ്ഞ റോഡില്‍ തെന്നിയാണ് ലോറിയുടെ നിയന്ത്രണംവിട്ടിരിക്കുകയെന്നാണ് പ്രാഥമികനിഗമനം. കഴിഞ്ഞ തീര്‍ഥാടനകാലത്ത് ബസ് താഴ്ചയിലേക്കു മറിഞ്ഞ് 16 അയ്യപ്പഭക്തര്‍ മരിച്ച കണമല അട്ടിവളവിന് അടുത്താണ് ഈ അപകടം ഉണ്ടായിരിക്കുന്നത്.
സംഭവം നടന്നയുടന്‍ നാട്ടുകാരും മറ്റ് വാഹനങ്ങളിലുള്ളവരും ഓടിയെത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് പോലീസും അഗ്‌നിശമനസേനയുമെത്തി. വെളിച്ചം കുറവായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. വാഹനങ്ങളുടെ വെളിച്ചത്തിലാണ് മണലിനടിയില്‍പ്പെട്ടവരെ പുറത്തെടുത്തത്.
മരിച്ചവരെയും പരിക്കേറ്റവരെയും ആദ്യം എരുമേലിയിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ നാലുപേരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. ദേവസ്വംമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഇന്ന് ഉച്ചയോടെ മൃതദേഹങ്ങള്‍ ആന്ധ്രയിലേക്ക് അയക്കും.












Click it and Unblock the Notifications