ഗൂഗിളിന് ചൈനയിലെ സേവനം മതിയായി

ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് വിപണികളില്‍ ഒന്നായ ചൈനയിലെ സേവനം ഗൂഗിള്‍ മതിയാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങളില്‍ ചൈനീസ് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ഗൂഗിളിനെ ചൊടിപ്പിച്ചിരിക്കുന്നത്.
ഗൂഗിളിന്റെ ജിമെയില്‍ സര്‍വ്വീസ് ഉപയോഗിക്കുന്ന ചൈനയിലെ ചില മനുഷ്യാവകാശപ്രവര്‍ത്തകരുടെ ഇമെയിലുകളും ചാറ്റും പരിശോധിക്കാന്‍ ചൈനയിലെ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും ഗൂഗിളിനെ പിന്മാറാന്‍ പ്രേരിപ്പിക്കുന്ന പ്രധാന വസ്തുതയാണ്.
ഗൂഗിളിലൂടെ ആശയവിനിമയം നടത്തുന്നവരുടെ വ്യക്തിസ്വാതന്ത്ര്യം ഹനിയ്ക്കാന്‍ ചൈന സര്‍ക്കാര്‍ വര്‍ഷങ്ങളായി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് ഗൂഗിള്‍ ആരോപിക്കുന്നു. ഏതാണ്ട് ഇരുപതോളം പ്രമുഖ കമ്പനികളിലെ ജിമെയില്‍ സര്‍വ്വീസുകള്‍ ചൈനയിലെ സര്‍ക്കാര്‍ ഇത്തരത്തില്‍ നുഴഞ്ഞുകയറി താറുമാറാക്കിയിട്ടുണ്ടെന്നും ഗൂഗിള്‍ ആരോപിക്കുന്നു.
ഈ സാഹചര്യത്തില്‍ ചൈനയില്‍ സേവനം തുടരുക പ്രായോഗികമല്ലെന്നാണ് ഗൂഗിള്‍ വൃത്തങ്ങള്‍ പറയുന്നത്. ഇന്റര്‍നെറ്റിലൂടെ അശ്ലീലം പ്രചരിക്കുന്നതുപോലെതന്നെ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടോയെന്നതും ചൈനീസ് സര്‍ക്കാറിന് ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. അതുതന്നെയാണ് അവരെ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പ്രേരിപ്പിക്കുന്നത്.












Click it and Unblock the Notifications