കേരളം അരിയും ഗോതന്പും മറിച്ചു വിറ്റു: തോമസ്

പൊതുവിതരണ സമ്പ്രദായം വഴിയോ സഹകരണ സംഘങ്ങള്‍ വഴിയോ പൊതുജനങ്ങള്‍ക്ക് വില്‍ക്കേണ്ട അരിയും ഗോതമ്പുമാണ് സപ്ലൈകോ ടെന്‍ഡര്‍ വിളിച്ച് കൂടിയ വിലയ്ക്ക് സ്വകാര്യ മില്ലുകള്‍ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതെന്നാണ് തോമസിന്റെ ആരോപണം. ഈ നടപടി കേന്ദ്രംതടഞ്ഞിട്ടുണ്ടെന്ന് തോമസ് വ്യക്തമാക്കി.
വ്യവസ്ഥ ലംഘിച്ചതിനാല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്കീം (ഒഎംഎസ്എസ്) പ്രകാരം സംസ്ഥാനത്തിനുള്ള വിഹിതം തടഞ്ഞു വച്ചിരിക്കുകയാണ്. എന്നാല്‍ പ്രശ്നത്തെക്കുറിച്ച് പദവിക്കു നിരക്കാത്ത രീതിയിലാണു കേരള ധനമന്ത്രി തോമസ് ഐസക്ക് സംസാരിക്കുന്നത്.
വില കൂടുതലായതിനാല്‍ അരി എടുക്കാന്‍ സംസ്ഥാനം തയാറല്ലെന്ന ഐസക്കിന്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേന്ദ്രത്തിന്റെ പദ്ധതിയില്‍ പ്രശ്നമുണ്ടെങ്കില്‍ അതു പഠിച്ചു പറയണം. മനഃപൂര്‍വം ഏറ്റുമുട്ടാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. കേന്ദ്ര പദ്ധതികള്‍ മനസ്സിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. സ്കീം പ്രകാരം കേരളത്തിനനുവദിച്ച അരിയും ഗോതമ്പും ഏറ്റെടുക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല- കെ.വി.തോമസ് ആരോപിച്ചു.
അനുവദിച്ച 25,675 ടണ്‍ അരിയില്‍ 70 ടണ്ണും 40,660 ടണ്‍ ഗോതമ്പില്‍ 23,634 ടണ്ണും മാത്രമേ സര്‍ക്കാര്‍ വിതരണം ചെയ്യാന്‍ ഏറ്റെടുത്തിട്ടുള്ളൂ. കുറ്റകരമായ അനാസ്ഥയാണിത്.
അതിനുശേഷവും അരിയും ഗോതമ്പും ഏറ്റെടുക്കില്ല എന്ന ധിക്കാരപരമായ നിലപാടാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് കൈക്കൊണ്ടിട്ടുള്ളത്- കേന്ദ്രമന്ത്രി പറഞ്ഞു.
എപിഎല്‍ വിഭാഗത്തിന് പ്രതിമാസവിഹിതമായ 36,056 ടണ്‍ അരി കൂടാതെ ഓണം പ്രമാണിച്ച് നല്‍കിയ 50,000 ടണ്‍ അരിയും 25,000 ടണ്‍ ഗോതമ്പും ഇതുവരെ സര്‍ക്കാര്‍ പൂര്‍ണമായി ഏറ്റെടുത്തിട്ടില്ല. ഇതിന്റെ സമയപരിധി സംസ്ഥാന സര്‍ക്കാര്‍ നീട്ടിനല്‍കിയിട്ടുണ്ട്. എന്നാല്‍ കേന്ദ്രം നീതികാണിക്കുന്നില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.
പൊതുവിതരണത്തിന് കൂടുതല്‍ അരിയും ഗോതമ്പും വേണമെന്ന ആവശ്യത്തെത്തുടര്‍ന്നാണ് ഒഎംഎസ്എസ് പദ്ധതി പ്രകാരം ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ചത്.
എന്നാല്‍ ക്വിന്റലിന് 1295.74 രൂപ പ്രകാരം നല്‍കിയ ഗോതമ്പ് 1359.20 രൂപ പ്രകാരം സ്വകാര്യ മില്ലുകള്‍ക്ക് കൊടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. സംസ്ഥാന സര്‍ക്കാറിന് പൊതുവിതരണ സമ്പ്രദായം വഴി നല്‍കാനായി കേന്ദ്രം കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത് - മന്ത്രി പറഞ്ഞു.
പൊതു വിപണിയില്‍ അരിക്ക് കിലോയ്ക്ക് 22 മുതല്‍ 24 രൂപവരെ വിലയുള്ളപ്പോഴാണ് സംസ്ഥാനത്തിന്റെ ഈ കളി നടക്കുന്നത്. വില വര്‍ധിപ്പിച്ചു എന്നതല്ല പ്രശ്നം, അരി സ്വകാര്യ മില്ലുകള്‍ക്കു വിറ്റു എന്നതാണ്- മന്ത്രി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications