കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വംഗസൂര്യന്‍ വിട ചൊല്ലുന്നു

Google Oneindia Malayalam News

Jyoti Basu's last journey begins
കൊല്‍ക്കത്ത: ഇന്ത്യയുടെ രാഷ്ട്രീയ നഭസ്സില്‍ അരുണിമ പടര്‍ത്തിയ വംഗസൂര്യന് ജനലക്ഷങ്ങളുടെ അന്ത്യപ്രണാമം. ബസുവിന്റെ സ്മരണകള്‍ നിറയുന്ന കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനത്തും ഔദ്യോഗിക വസതിയായ ഇന്ദിരാഭവനിലും തിങ്കളാഴ്ച ആയിരക്കണക്കിന് പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

പീസ് ഹെവന്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ചൊവ്വാഴ്ച പൊതുദര്‍ശനത്തിന് വെച്ച ശേഷം വൈകിട്ട് വിലാപയാത്രയായി എസ്എസ്‌കെ എം ആശുപത്രിയ്ക്ക് കൈമാറും. തിങ്കളാഴ്ച മൃതദേഹം കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല.

ബസുവിന്റെ ഭൗതികശരീരം രാവിലെ എട്ട് മണി മുതല്‍ ഒന്‍പത് വരെ പാര്‍ട്ടി ആസ്ഥാനത്ത് പൊതു ദര്‍ശനത്തിന് വച്ചു. ഇതിന് ശേഷം വിലാപയാത്രയായി ബംഗാള്‍ സെക്രട്ടേറിയറ്റായ റൈറ്റേഴ്‌സ് ബില്‍ഡിങ്ങില്‍ കൊണ്ടു വരും. പത്തരയോടെ നിയമസഭാ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സാധാരണ ജനങ്ങള്‍ക്ക് ഇവിടെയെത്തി അന്തിമോപചാരം അര്‍പ്പിക്കാനാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ഉള്‍പ്പെടെ ഏഷ്യയില്‍ നിന്നുളള നിരവധി നേതാക്കള്‍ ചൊവ്വാഴ്ച ബസുവിന് അന്തിമോപചാരമര്‍പ്പിയ്ക്കാനെത്തുന്നുണ്ട്. നേപ്പാള്‍ പ്രധാനമന്ത്രി മാധവ് കുമാര്‍ നേപ്പാളും വെനിസ്വേല പ്രസിഡന്റ് ഹ്യൂഗോ ചാവേസും അന്തരിച്ച നേതാവിന് ആദരാഞ്ജലിയര്‍പ്പിയ്ക്കാന്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ വാര്‍ത്തിയ്ക്ക് സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് വിലാപയാത്രയായെത്തി എസ്എസ്‌കെഎം ആശുപത്രിയ്ക്ക് മൃതദേഹം കൈമാറുമെന്ന് സിപിഎം പശ്ചിമ ബംഗാള്‍ സെക്രട്ടറി ബിമന്‍ ബോസ് അറിയിച്ചു. എന്നാല്‍ ഈ സമയക്രമം പാലിക്കാനാവുമോ എന്നകാര്യത്തില്‍ സംശയം നില്‍നില്‍ക്കുന്നുണ്ട്. വന്‍ജനസഞ്ചയമാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അന്തിമാഭിവാദ്യം അര്‍പ്പിക്കാന്‍ കാത്തു നില്ക്കുന്നത്.

ബസുവിന് അന്തിമോപചാരമര്‍പ്പിയ്ക്കുന്നതിന് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ കൊല്‍ക്കത്തയിലെത്തിക്കൊണ്ടിരിയ്ക്കുകയാണ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രതിരോധ മന്ത്രി എ.കെ ആന്റണി, വിദേശ കാര്യ മന്ത്രി എസ്.എം കൃഷ്ണ, അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവര്‍ തിങ്കളാഴ്ച ദില്ലിയിലെ എകെജി ഭവനിലെത്തി കമ്യൂണിസ്റ്റ് ആചാര്യന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ബസുവിന്റെ നിര്യാണത്തില്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അനുശോചിച്ചു. മികച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്ന ബസുവിന്റെ വേര്‍പാട് വലിയ നഷ്ടമാണെന്നുപറഞ്ഞ സര്‍ദാരി, പശ്ചിമബംഗാളിന്റെ വികസനത്തില്‍ ബസു വഹിച്ച പങ്ക് വലുതാണെന്നും അനുസ്മരിച്ചു.

ബസുവിന്റെ മരണം ലോക തൊഴിലാളി പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് റഷ്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍ നേതാവ് ഗെന്നഡി സ്യുഗാനോവ് സിപിഎം നേതൃത്വത്തിന് അനുശോചനസന്ദേശത്തില്‍ പറയുന്നു. പാക് ഹൈകമീഷണര്‍ ഷാഹിദ് മാലിക് എകെജി ഭവനിലെത്തി. കൂടാതെ റഷ്യ, ചൈന, ക്യൂബ, ലാവോസ്, വിയറ്റ്‌നാം, ശ്രീലങ്ക വെനസ്വേല, ഉത്തര കൊറിയ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാനപതിമാര്‍ എ.കെജി ഭവനിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X