കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര സഹമന്ത്രിമാര്‍ക്ക് പണിയില്ല: വിഎസ്

  • By Lakshmi
Google Oneindia Malayalam News

VS Achuthanandan
തൃശ്ശൂര്‍: കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്ക്‌ ദില്ലിയില്‍ പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തതുകൊണ്ടാണ്‌ ഇവിടെ വന്ന്‌ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രസ്‌താവനയിറക്കി സംതൃപ്‌തരാവുന്നതെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.

ക്യാബിനറ്റ്‌മന്ത്രിമാരെ കാണാന്‍ ഇപ്പോള്‍ത്തന്നെ പാസ്‌ എടുക്കേണ്ട ഗതികേടിലായ ഇവര്‍ നാളെ ഇതിനുവേണ്ടി ധര്‍ണയോ പിക്കറ്റിങ്ങോ നടത്തിയാല്‍പ്പോലും അത്‌ഭുതപ്പെടേണ്ടതില്ലെന്നും വി.എസ്‌ പറഞ്ഞു.

ശനിയാഴ്ച സി.ഐ.ടി.യു. സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനം തേക്കിന്‍കാട്‌ മൈതാനത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സബ്സിഡി വെട്ടിക്കുറച്ചും പൊതുവിതരണ സമ്പ്രദായം തകര്‍ത്തും നിത്യോപയോഗ സാധനങ്ങള്‍ക്കു വിലക്കയറ്റമുണ്ടാക്കുന്നതു കേന്ദ്ര സര്‍ക്കാരാണ്.

റേഷന്‍ വിഹിതം പോലും കേന്ദ്രം തടഞ്ഞു വയ്ക്കുന്നു. അതേ സമയം, പൊതുവിതരണം ശക്തിപ്പെടുത്തി വിലക്കയറ്റം പിടിച്ചു നിര്‍ത്താനാണു സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. കാല്‍ കോടി ആളുകള്‍ക്കാണ് ഇവിടെ രണ്ടു കിലോ നിരക്കില്‍ അരി കൊടുക്കുന്നത്. കേരളത്തിലെ പൊതുവിതരണം രാജ്യത്തിനു മാതൃകയാണെന്നു കേന്ദ്ര മന്ത്രി ശരത് പവാര്‍ തന്നെ പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്.

വിലക്കയറ്റം തടയാന്‍ കേരളം ഒന്നും ചെയ്യുന്നില്ലെന്നും കേന്ദ്രം തരുന്നത്‌ കൊള്ളലാഭത്തിന്‌ സംസ്ഥാനം വില്‍ക്കുകയാണെന്നുമാണ്‌ ഒരു കേന്ദ്രസഹമന്ത്രി പറയുന്നത്‌. 1,17,000 ടണ്‍ ഉണ്ടായിരുന്ന കേന്ദ്ര അരിവിഹിതം 17,000 ടണ്‍ ആയി ചുരുക്കിയതാണോ കേന്ദ്രത്തിന്റെ മഹാമനസ്‌കത - മുഖ്യമന്ത്രി ചോദിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്പത്തികനയങ്ങളുടെ ഫലമാണ്‌ വിലക്കയറ്റം. ആഗോള സാമ്പത്തികമാന്ദ്യം മറികടക്കാന്‍ കുത്തകമുതലാളിമാരെ കണക്കറ്റ്‌ സഹായിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ വിസ്‌മരിക്കുകയാണ്‌. സാധാരണക്കാരെ ചൂഷണംചെയ്‌ത്‌ പൊതുഖജനാവ്‌ മുതലാളിമാര്‍ക്ക്‌ മലര്‍ക്കെ തുറന്നുകൊടുക്കുന്നു - അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.

കടുത്ത പ്രതിസന്ധി നേരിടുന്ന മുതലാളിത്തം തൊഴിലാളിവര്‍ഗത്തിന്റെ തത്ത്വശാസ്‌ത്രമായ മാര്‍ക്‌സിസം-ലെനിനിസത്തിനെതിരെ ഇപ്പോഴും കടന്നുകയറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്‌.

ആഗോളീകരണത്തിന്‌ മാനുഷികമുഖം നല്‍കി ഇതിനു ബദലില്ലെന്ന്‌ വരുത്താനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. ആഗോളീകരണത്തിന്റെ മറ്റൊരു മുഖമായ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്കെതിരെയും തൊഴിലാളികള്‍ ജാഗരൂകരായിരിക്കണണം: വി.എസ്‌ ആഹ്വാനം ചെയ്‌തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X