ഇന്ത്യ-ചൈന മുന്നേറ്റത്തില്‍ ഒബാമക്ക് ഉത്കണ്ഠ

ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ സാമ്പത്തികരംഗത്ത് ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങളുടെ കുതിപ്പും പരാമര്‍ശിക്കപ്പെട്ടു. ഇന്ത്യയും ചൈനയും ലോകത്തെ സാമ്പത്തിക ശക്തികളാവാന്‍ കുതിച്ചു കൊണ്ടിരിക്കുകയാണ്. ആ രാജ്യങ്ങള്‍ക്ക് പിന്നില്‍ രണ്ടാം സ്ഥാനാക്കാരായി നിലകൊള്ളാന്‍ അമേരിക്കയ്ക്ക് താല്പര്യമില്ല. ഒബാമ പറഞ്ഞു.
കാത്തിരിക്കൂ എന്നായിരുന്നു കഴിഞ്ഞ പതിറ്റാണ്ടുകളില്‍ അമേരിക്കയുടെ നിലപാട്. എന്നാല്‍ പ്രശ്‌നങ്ങള്‍ ഇതിനിടെ കൂടുതല്‍ വഷളാവുകയാണ് ചെയ്തത്. ചൈന സാമ്പത്തിക രംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. ജര്‍മനിയും ഇന്ത്യയും ആ വഴിയ്ക്ക് തന്നെയാണ് നീങ്ങുന്നത്. ഈ രാജ്യങ്ങളൊന്നും കാത്തുനില്‍ക്കുകയല്ല. അവ രണ്ടാം സ്ഥാനത്തിനു വേണ്ടിയല്ല രംഗത്തുള്ളതും. സാമ്പത്തികശക്തി എന്ന സ്ഥാനത്തെ സ്ഥിരതയ്ക്ക്, അത് എത്ര കഠിനമാണെങ്കിലും അതു സംബന്ധിച്ച ചര്‍ച്ചകള്‍ എന്തുതന്നെയാണെങ്കിലും, അമേരിക്കയെ രണ്ടാം സ്ഥാനത്ത് കാണാന്‍ ആഗ്രഹിക്കുന്നില്ല. - ഒബാമ വിശദീകരിച്ചു.
സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണം. ബാങ്കുകള്‍ക്ക് രക്ഷാപാക്കേജ് പ്രഖ്യാപിച്ച നടപടി ജനകീയമല്ലായിരുന്നു. പക്ഷേ അത്തരം ഒരു നടപടി അന്ന് അനിവാര്യമായിരുന്നു. ഇങ്ങനെ രക്ഷാപദ്ധതി നല്‍കിയ ബാങ്കുകള്‍ക്ക് മേല്‍ നികുതി ഏര്‍പ്പെടുത്തുമെന്നും ഒബാമ സൂചിപ്പിച്ചു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ കയറ്റുമതി ഇരട്ടിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ വര്‍ഷം 10.5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
അമേരിക്കയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാനുതകുന്ന നിക്ഷേപം നടത്തുന്നവര്‍ക്ക് നികുതിയിളവ് നല്‍കുമെന്ന് പറഞ്ഞ ഒബാമ വിദേശങ്ങളില്‍ ബിസിനസ് നിക്ഷേപം നടത്തുന്നവര്‍ക്ക് നികുതി ഇളവ് നല്‍കില്ലെന്ന സൂചനയും നല്‍കി. അമേരിക്കന്‍ കമ്പനികളില്‍ നിന്നും ഔട്ട്‌സോഴ്‌സിങ് ബിസിനസ് നേടിയെടുക്കുന്ന ഇന്ത്യയെ പോലുളള രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഈ പ്രസ്താവന ഏറെ നിര്‍ണായകമാവുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications