ടാറ്റയുടെ തടയണ പൊളിച്ചുമാറ്റും: ഉപസമിതി

മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, കെ.പി രാജേന്ദ്രന്‍, എ.കെ ബാലന്‍, എം.വിജയകുമാര്‍, ബിനോയ് വിശ്വം, എന്‍.കെ പ്രേമചന്ദ്രന്‍, പി.ജെ ജോസഫ് എന്നിവരാണ് മന്ത്രിസഭാ തീരുമാനപ്രകാരം മൂന്നാറിലെ കൈയേറ്റങ്ങള്‍ സന്ദര്‍ശിക്കാനെത്തിയത്.
തടയണകള്‍ പൊളിച്ചുമാറ്റാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലക്ഷ്മി എസ്റ്റേറ്റിലും ചിറ്റ്വാരയിലുമാണ് തടയണകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വൈദ്യുതി ബോര്‍ഡിന്റെ ജലവൈദ്യുത പദ്ധതികളിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടുത്തി തടയണകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ക്രിമിനല്‍ കുറ്റവും പാട്ടക്കരാര്‍ ലംഘനവുമാണെന്ന് ഉപസമിതി കുറ്റപ്പെടുത്തി.
ലക്ഷ്മിയില്‍ ഏലപ്പട്ടയ സ്ഥലങ്ങളില്‍ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടറോടാവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ ദൗത്യസംഘം ഏറ്റെടുത്ത മുഴുവന്‍ ഭൂമിയും ലാന്‍ഡ് ബാങ്കില്‍ നിക്ഷിപ്തമാക്കിയിട്ടുണ്ട്. അത് ഘട്ടംഘട്ടമായി ഭൂരഹിതര്‍ക്ക് വിതരണംചെയ്യും-റവന്യു മന്ത്രി കെ.പി രാജേന്ദ്രന്‍ പറഞ്ഞു.
കയ്യേറ്റത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളെല്ലാം ഉള്‍പ്പെടുത്തി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. മൂന്നാര്‍ ടൗണ്‍ഷിപ്പിലുള്‍പ്പെടെ ചെറുകിട കച്ചവടക്കാര്‍ക്കും മറ്റും അവരുടെ കൈവശഭൂമിക്ക് പട്ടയം നല്കുമെന്നും രാജേന്ദ്രന്‍ അറിയിച്ചു.
കുണ്ടള സാന്‍ഡോസ് ആദിവാസിക്കോളനിയിലേക്കുള്ള റോഡ് കണ്ണന്‍ദേവന്‍ കമ്പനി വൈദ്യുതിവേലി കെട്ടി അടച്ചത് പൊളിച്ചുനീക്കാന്‍ ഉപസമിതി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചിറ്റ്വാര സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു ഇതുസംബന്ധിച്ച് ആദിവാസികള്‍ പരാതിപ്പെട്ടത്.












Click it and Unblock the Notifications