മുംബൈ: ശിവസേനക്കെതിരെ ബിജെപിയും
ദില്ലി: ശിവസേനയുടെ മണ്ണിന്റെ മക്കള്‍ വാദത്തിനെതിരെ ബിജെപിയും രംഗത്ത്. മുംബൈ ഇന്ത്യക്കാര്‍ക്കെല്ലാം അവകാശപ്പെട്ടതാണെന്ന ആര്‍എസ്എസ് നിലപാടിനെ പിന്തുണച്ചാണ് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പാര്‍ട്ടിയുടെ നയം വ്യക്തമാക്കിയത്.
ഭാഷ, മതം, പ്രാദേശിക അസ്തിത്വം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള ഒരു വേര്‍തിരിവും ബിജെപി അംഗീകരിയ്ക്കില്ലെന്ന് മഹരാഷ്ട്രയില്‍ നിന്നുള്ള ആദ്യ ബിജെപി ദേശീയ അധ്യക്ഷന്‍ കൂടിയായ ഗഡ്കരി പറഞ്ഞു.
ഇന്ത്യയിലെ പ്രാദേശിക, മത, ഭാഷാ നാനാത്വങ്ങളെ പാര്‍ട്ടി അംഗീകരിക്കുന്നുണ്ടെങ്കിലും ഭാരതീയതയെന്ന ഏകത്വത്തില്‍ വൈവിധ്യങ്ങള്‍ ലയിച്ചുചേരണം. ഇന്ത്യന്‍ ഭരണഘടനാ വകുപ്പ് 19 (1) (ഇ) പ്രകാരം പൗരന്മാര്‍ക്ക് രാജ്യത്ത് എവിടെയും താമസിക്കാനുള്ള അവകാശം ദേശീയോദ്ഗ്രഥനത്തിനും
ദേശീയ ഐക്യത്തിനും സഹായകമാണെന്ന നിലപാടാണ് ബിജെപിയും ജനസംഘവും എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്.
മഹരാഷ്ട്രയില്‍ കുടിയേറിയ മറ്റു സംസ്ഥാനക്കാര്‍ക്കു സംരക്ഷണം ഉറപ്പാക്കണമെന്ന് ബിജെപി വൈസ് പ്രസിഡന്റ് ശാന്തകുമാര്‍ ആവശ്യപ്പെട്ടു. നാമെല്ലാം ഇന്ത്യക്കാരാണെന്ന അടിസ്ഥാനതത്വം ശിവസേനയെ ഓര്‍മ്മിപ്പിയ്ക്കാനും ശാന്തകുമാര്‍ തയ്യാറായി.












Click it and Unblock the Notifications