സാന്പത്തികശാസ്ത്രജ്ഞന്‍ കെഎന്‍ രാജ് അന്തരിച്ചു

വാര്‍ദ്ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ സാമ്പത്തിക ശാസ്ത്രജ്ഞരില്‍ ഒരാളായിരുന്ന ഡോക്ടര്‍ കെ.എന്‍ രാജാണ് ആദ്യപഞ്ചവത്സരപദ്ധതിയുടെ ആമുഖക്കുറിപ്പ് എഴുതിയത്.
ആദ്യപ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ നരസിംഹറാവുവിന്റെ കാലം വരെ പ്രത്യേകസാമ്പത്തിക ഉപദേഷ്ടാവായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
18 വര്‍ഷക്കാലം ദില്ലി സര്‍വകലാശാലയില്‍ പ്രൊഫസറായിരുന്ന അദ്ദേഹം 1969 മുതല്‍ 70 വരെ അവിടെ വൈസ്ചാന്‍സലറായിരുന്നു. ദില്ലി സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിന്റെ സ്ഥാപകരിലൊരാളാണിദ്ദേഹം.
1971-ല്‍ കേരളത്തിലേക്ക് മടങ്ങിയതിനുശേഷം സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന് രൂപം കൊടുക്കുകയും അതിന്റെ നേതൃസ്ഥാനത്ത് തുടരുകയും ചെയ്തു.
സി.ഡി.എസ്സിന്റെ ആദ്യകാലങ്ങളില്‍ അദ്ദേഹവും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഐക്യരാഷ്ട്രസഭയ്ക്ക് വേണ്ടി നടത്തിയ ഗവേഷണങ്ങള്‍ 1976-ല്‍ പ്രബന്ധമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു പിന്നീട് 'കേരള മോഡല്‍' സാമ്പത്തിക വികസനത്തിന് സഹായകരമായി.
ഇന്ത്യന്‍ സാമ്പത്തിക നയരൂപീകരണത്തിനും സാമ്പത്തികശാസ്ത്രരംഗത്തിനും നല്‍കിയ വിലപ്പെട്ട സംഭാവനയെ മാനിച്ച് 2000-ല്‍ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.
ഐക്യരാഷ്ട്രസഭയുടെ വികസനാസൂത്രണസമിതിയിലെ സ്ഥിരാംഗത്വം, എഫ്എഒ, ഐഎല്‍ഒ, ഇഎസ് സിഎപി എന്നിവയുടെ സമിതികളിലെ അംഗത്വം, ബ്രീട്ടീഷ് അക്കാദമിയുടെ ഫെല്ലോഷിപ്പ്, അമേരിക്കന്‍ എക്കണോമിക്‌സ് അസോസിയേഷന്റെയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന്റെയും ഫെല്ലോഷിപ്പ്, വികസനപഠനകേന്ദ്രത്തിന്റെ പ്രഫസര്‍ എമിരറ്റസ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പരേതയായ സരസമ്മയാണ് ഭാര്യ. മക്കള്‍: ഡോക്ടര്‍ ഗോപാല്‍രാജ് (ദി ഹിന്ദു), ഡോക്ടര്‍ ദിനു. മൃതദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് 12മണിയ്ക്ക് സംസ്കരിയ്ക്കും.












Click it and Unblock the Notifications