മുല്ലപ്പെരിയാര്‍ പുതിയ അണക്കെട്ടിനായി പരിശോധന

പാറകളില്‍ നാലിഞ്ച് വ്യാസത്തില്‍ ഡ്രില്ലിംഗ് മെഷീനുകള്‍ കൊണ്ട് തുളച്ചാണ് പരിശോധന നടത്തുന്നത്. 12 ദിവസം കൊണ്ട് പരിശോധനകള്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
വള്ളക്കടവില്‍നിന്നു മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള റോഡിനോടു ചേര്‍ന്ന് സമുദ്ര നിരപ്പില്‍ നിന്ന് 855 മീറ്റര്‍ ഉയരത്തിലാണ് പാറയുടെ ബലപരിശോധനയ്‌ക്കായി സാമ്പിളുകള്‍ ശേഖരിക്കുന്നത്. നിലവിലുള്ള അണക്കെട്ടില്‍ നിന്ന് 366 മീറ്റര്‍ താഴെയാണ് പുതിയ അണക്കെട്ടിന് സ്‌ഥലം കണ്ടെത്തിയിട്ടുള്ളത്.
തിരുവനന്തപുരം ലാല്‍ ബഹദൂര്‍ ശാസ്‌ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി(എല്‍ബിഎസ്)യുടെ നേതൃത്വത്തിലാണ് പരിശോധന.
അഞ്ച് മീറ്റര്‍ ആഴത്തില്‍ പാറ തുരന്ന ശേഷം പാറയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യമായ സാമ്പിളുകള്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്. അഞ്ചിടങ്ങളില്‍ തുളച്ച് ഇത്തരത്തില്‍ സാമ്പിളുകള്‍ ശേഖരിക്കും.
ഒന്നര ലക്ഷത്തോളം രൂപയാണ് പാറ പരിശോധനയ്ക്ക് വേണ്ടി വരുന്നത്. പാറതുരന്ന് ലഭിക്കുന്ന സാമ്പിളുകള്‍ എല്‍ബിഎസിന്റെ തിരുവനന്തപുരം ലാബില്‍ എത്തിച്ചാണ് കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നത്.
എല്‍ബിഎസ് നടത്തുന്ന പഠനങ്ങള്‍ സംസ്‌ഥാന ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോര്‍ജ് ഡാനിയേലിന്റെ നേതൃത്വത്തിലുള്ള സംഘം മുല്ലപ്പെരിയാറിലെത്തി നിരീക്ഷിച്ചുവരികയാണ്.
ഇതിനിടെ പുതിയ അണക്കെട്ടിന്റെ നിര്‍ദ്ദിഷ്‌ട സ്‌ഥാനത്തെ മണ്ണിന്റെ ഘടനയും ഭൂമിയുടെ ചെരിവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജിയോളജി വകുപ്പ് പഠന വിധേയമാക്കും.
ഭൂമിയുടെ മര്‍ദ്ദം താങ്ങാനുള്ള ശേഷിയും അണക്കെട്ടിന്റെ മധ്യഭാഗത്തെ മണ്ണിന്റെ ഘടനയും പഠന വിധേയമാക്കും. ചെന്നൈയിലെ ജിയോളജിക്കല്‍ സര്‍വേ വിഭാഗമാണ് ഇതിനു നേതൃത്വം നല്‍കുക.
ജിയോളജിക്കല്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയാകും പുതിയ അണക്കെട്ടിന്റെ രൂപകല്‍പ്പന നടത്തുക.












Click it and Unblock the Notifications