കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയില്ല അക്ഷര നക്ഷത്രം കോര്‍ത്ത ജപമാല

  • By Lakshmi
Google Oneindia Malayalam News

Girish Puthanjeri
നേര്‍ത്ത പദനിസ്വനം പോലെ കേട്ടാല്‍ മതിവരാത്ത പാട്ടുകള്‍ മലയാളിയ്ക്ക് സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരി പ്രതീക്ഷിച്ചിരിക്കാത്ത നേരത്ത് കിനാവിന്റെ പടികള്‍ കടന്നു പോയി.

ഗിരീഷിന്റെ ഓരോ ഗാനത്തിനും കേള്‍വിക്കാരുടെ മനസ്സിലെ മറഞ്ഞുകിടക്കുന്ന താരള്യത്തെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള കഴിവുണ്ടായിരുന്നു. രണ്ട് ദശാബ്ദം മുമ്പ് ചക്രവാളത്തിനപ്പുറം എന്ന ചിത്രത്തിന് വേണ്ടിയാണ് ഗിരീഷ് ആദ്യം ഗാനരചന നിര്‍വ്വഹിച്ചത്.

അന്നുമുതല്‍ ഇങ്ങോട്ട് 328 ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങള്‍ രചിച്ചു. തിരക്കഥാകൃത്തെന്ന രീതിയിലും ഗീരീഷ് ശ്രദ്ധനേടിയിരുന്നു.

കോഴിക്കോട് ജില്ലയിലെ ഉള്ള്യേരിയ്ക്കടുത്തുള്ള പുത്തഞ്ചേരിയില്‍ ജ്യോതിഷ-വൈദ്യ കുടുംബത്തിലാണ് ഗിരീഷ് ജനിച്ചത്. അച്ചന്‍ ജ്യോതിഷ പണ്ഡിതനായ കൃഷ്ണന്‍ പണിക്കര്‍, അമ്മയാകട്ടെ സംഗീത ഞ്ജാനിയയാ മീനാക്ഷിയമ്മയും.

സ്‌കൂള്‍ കാലത്ത് തന്നെ കവിതാരചനയില്‍ പാടവം കാണിച്ചിരുന്ന ഗിരീഷ് അവസാനം ജീവിതമാര്‍ഗമായി അതുതന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ആകാശവാണിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടാണ് ഈ രംഗത്ത് സജീവമായത്.

ദേവാസുരത്തിലെ സൂര്യകിരീടം എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര ലോകത്ത് ഗിരീഷ് സ്വന്തമായി ഒരു സിംഹാസനം പണിതിട്ടത്. അതിന് മുമ്പ് ജോണി വാക്കര്‍ എന്ന ചിത്രത്തിലെ പാട്ടുകളിലൂടെ തന്നെ മലയാളിയിലെ സഹൃദയത്തം ഗിരീഷിന്റെ പ്രതിഭയെ തൊട്ടറിഞ്ഞിരുന്നു.

തുടര്‍ന്നിങ്ങോട്ട് ഓര്‍മ്മയില്‍ നിന്നും മായാത്ത ഒട്ടേറെ ഗാനങ്ങള്‍. ഏഴ് തവണയാണ് സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തിലെ പ്രതിഭയെ തേടിയെത്തിയത്. ചലച്ചിത്രലോകത്തിന്റെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴും ഒരു സാധാരണ കോഴിക്കോട്ടുകാരനായി ജീവിയ്ക്കുകയായിരുന്നു അദ്ദേഹം. സൗഹൃദങ്ങള്‍ എന്നും അദ്ദേഹത്തിന്റെ ദൗര്‍ബല്യമായിരുന്നു.

അക്ഷരവും സംഗീതവും എത്രമേല്‍ ലയിപ്പിക്കാമോ അത്രമേല്‍ ലയിപ്പിച്ചവയായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങളെല്ലാം. ഗിരീഷിന്റെ തൂലികയില്‍ നിന്നുവന്ന അക്ഷരങ്ങള്‍ക്ക് രവീന്ദ്ര സംഗീതത്തിന്റെ മാസ്മരികത കൈവന്നപ്പോള്‍ പ്രിയഗാനശേഖരത്തില്‍ മലയാളിയ്ക്ക് പുതിയൊരിടം തന്നെ തുടങ്ങേണ്ടിവന്നു.

സാഹിത്യത്തിലെ വ്യത്യസ്തതയും അപാരമായ പ്രണയവും ഗീരീഷിന്റെ രചനയിലെ പ്രത്യേകതകളായിരുന്നു. പാട്ടുകേട്ട് പ്രണയിക്കുകയും പാട്ടുകേട്ട് കരയുകയും ചെയ്യുന്ന മലയാളിയ്ക്ക് നിലാവിന്റെ നീലഭസ്മക്കുറിയിട്ട പ്രണയിനിയുടെ ചിത്രം വരച്ചുതന്നെ ആ തൂലിക ഇനി നിശ്ചലം.

അത്യപൂര്‍വ്വമായ അനുഭവമായി മാറിയ ഗാനങ്ങള്‍ ബാക്കിയാക്കി രാവിന്റെ തിരുവരങ്ങിലെവിടെയോ മറഞ്ഞുപോയ ഗിരീഷ് ഇനി സ്മരണകളുടെ പടികടന്നുവന്ന് മുരളീരവമായി തലമുറകളോളം മലയാളികളുടെ മനസ്സില്‍ ഒഴുകിപ്പരക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X