തെലുങ്കാന: തീകൊളുത്തിയ വിദ്യാര്‍ഥി മരിച്ചു

തെലുങ്കാന അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് യാദയ്യ പെട്രോളൊഴിച്ച് സ്വയം തീ കൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചയോടെ മരിയ്ക്കുകയായിരുന്നു.
രംഗറെഡ്ഡി ജില്ലക്കാരനായ യാദയ്യ റാലിയില്‍ പങ്കെടുക്കാനായി ഹൈദരാബാദിലെത്തുകയായിരുന്നു. റാലിയ്ക്കിടെ തീര്‍ത്തും അപ്രതീക്ഷിതമായാണ് വിദ്യാര്‍ത്ഥി തീകൊളുത്തിയത്. പൊലീസ് വെള്ളമൊഴിച്ച് തീ കെടുത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.
സാമ്പത്തിക ബുദ്ധിമുട്ടുള്ളതു കൊണ്ടു പഠനം നിര്‍ത്തുകയാണെന്നും പുതിയ സംസ്ഥാനം രൂപീകരിച്ചാല്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ ലഭിക്കുമെന്നും സാമ്പത്തിക ബുദ്ധിമുട്ട് മാറുമെന്നും കാണിച്ച് യാദയ്യ എഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസിനു ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ മരണത്തോടെ തെലങ്കാന പ്രക്ഷോഭം പൂര്‍വ്വാധികം ശക്തമാകുമെന്നാണ് കരുതുന്നത്.
തെലുങ്കാന വിഷയത്തില്‍ ഉസ്മാനിയ സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ നിയമസഭയുടെ ബജറ്റ് സമ്മേളനം തടസപ്പെടാതിരിക്കാന്‍ 20,000 ഓളം പോലീസുകാരെയാണ് ഹൈദരാബാദില്‍ വിന്യസിച്ചിരിക്കുന്നത്.












Click it and Unblock the Notifications