ആര്‍എസ്പി രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടേക്കും
തിരുവനന്തപുരം: ഇത്തവണത്തെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എസ്പി സീറ്റ് ആവശ്യപ്പെടുമെന്ന് സൂചന. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ വിജയിക്കാന്‍ എല്‍ഡിഎഫിന് കഴിയും. മുന്നണിയ്ക്ക് ലഭിയ്ക്കുന്ന സീറ്റില്‍ ഒരെണ്ണത്തില്‍ പാര്‍ട്ടി ആവശ്യമുന്നയിക്കണമെന്നാണ് ആര്‍എസ്പിയ്ക്കുള്ളില്‍ ആവശ്യമുയര്‍ന്നിരിയ്ക്കുന്നത്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ടിജെ. ചന്ദ്രചൂഡന് വേണ്ടിയായിരിക്കും ആര്‍എസ്പി സീറ്റ് ആവശ്യപ്പെടുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആര്‍എസ്പി നേതൃത്വം മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎം നേതാക്കളുമായി അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ആര്‍എസ്പിയുടെ ആവശ്യം ചര്‍ച്ച ചെയ്യാമെന്ന് സിപിഎം നേതൃത്വം അറിയിച്ചതായാണ് സൂചന.
കഴിഞ്ഞ തവണ സീറ്റ് ലഭിയ്ക്കാന്‍ സാഹചര്യം ഒത്തുവന്നിട്ടും പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ മൂലം ആര്‍എസ്പി അവസരം തുലച്ചിരുന്നു. മുന്നണി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ ആര്‍എസ്പി സീറ്റിനായി അവകാശവാദം ഉന്നയിക്കാത്തത് ആ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ ചേരിതിരിവിന് ഇടയാക്കിയിരുന്നു.












Click it and Unblock the Notifications