ഗവര്‍ണര്‍ കോണ്‍ഗ്രസ് ശിപായിയെപ്പോലെ: പിണറായി

സാധാരണ നയപ്രഖ്യാപന സമ്മേളനത്തിന് വരുന്ന ഗവര്‍ണറെ സ്പീക്കര്‍ സ്വീകരിക്കും. പ്രസംഗം നടത്തിയ ശേഷം ഗവര്‍ണര്‍ വന്ന വഴിയേ മടങ്ങുകയും ചെയ്യും, ഇതാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ നയപ്രഖ്യാപനത്തിന് ഗവര്‍ണര്‍ എത്തിയപ്പോള്‍, കോണ്‍ഗ്രസ്സിന്റെ ശിപായി വന്നുകയറിയ അനുഭവമായിരുന്നു.
പ്രസംഗം കഴിഞ്ഞ് നടന്നുപോകേണ്ട വഴിയില്‍ നിന്ന് തിരിഞ്ഞ് അദ്ദേഹം ഉമ്മന്‍ചാണ്ടിയുടേയും കൂട്ടരുടേയും അടുത്തേക്ക് പോകുന്നതാണ് കണ്ടത്. കോണ്‍ഗ്രസിനോടുള്ള തന്റെ കൂറ് കാണിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഉമ്മന്‍ചാണ്ടിയോടു കേരള ഗവര്‍ണര്‍ കുശലം പറയുന്നതില്‍ തെറ്റില്ല. പക്ഷേ, അത് ഇത്തരമൊരു അവസരത്തില്‍ ഗവര്‍ണര്‍ കാണിച്ചതു കീഴ്‌വഴക്കങ്ങളുടെ ലംഘനമാണ്- പിണറായി ചൂണ്ടിക്കാട്ടി.
പാര്‍ലമെന്ററി കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചാണ് ഉമ്മന്‍ചാണ്ടിയുടെ മുന്നില്‍വന്ന് അദ്ദേഹം നിന്നത്. ഏത് പാര്‍ലമെന്ററി കീഴ്‌വഴക്കമാണ് ഇതിന് അദ്ദേഹത്തിന് പ്രചോദനമായത്- പിണറായി ചോദിച്ചു. ഗവര്‍ണറുടെ നടപടി സാധാരണ കീഴ്‌വഴക്കങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് കോണ്‍ഗ്രസ് ഉപനേതാവ് തന്നെ പറഞ്ഞുകഴിഞ്ഞു.
എന്തിനാണ് ഗവര്‍ണര്‍ ഈ വൃത്തികേട് കാട്ടിയത്? നന്ദി പ്രകടിപ്പിക്കണമെങ്കില്‍ അതിന് വേറെ വഴിയില്ലെ? ഇങ്ങനെ പരസ്യമായി നിലവിട്ട് പെരുമാറാമോ? ഇത് തീര്‍ത്തും അനുചിതമായിപ്പോയി. പാര്‍ലമെന്ററി കീഴ്‌വഴക്കങ്ങളുടെ പ്രശ്‌നമാണ് ഇത്. അതില്‍ അവഗാഹമുള്ളവര്‍ ഗവര്‍ണറുടെ നടപടി സംബന്ധിച്ച് പ്രതികരിക്കണം - അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാഴാഴ്ച കൊച്ചിയില്‍ വിലക്കയറ്റത്തിനും തീവ്രവാദത്തിനും എതിരെ സിപിഎം നടത്തിയ സമരത്തിന്റെ ജില്ലാ പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications