വനിതാ സഖാവ് പെന്തക്കോസ്ത് വേദിയില്‍

റാന്നി ബ്ലോക്ക് പഞ്ചായത്തംഗവും മഹിളാ അസോസിയേഷന്‍ ജില്ലാകമ്മറ്റിയംഗവും സിപിഎം റാന്നി ടൗണ്‍ ബ്രാഞ്ച് അംഗവുമായ അഡ്വക്കേറ്റ് മീന ജേക്കബാണു പെരുമ്പുഴ പഞ്ചായത്ത് ബസ് സ്‌റ്റേഷനു മുന്നില്‍ ശനിയാഴ്ച വൈകുന്നേരം സാക്ഷ്യം പറഞ്ഞത്.
സിപിഎം മതവിശ്വാസത്തിനെതിരല്ലെന്നും ആരുടെയും വിശ്വാസത്തെ തടസപ്പെടുത്തുകയോ വിശ്വാസികളെ അടിച്ചോടിക്കുകയോ ചെയ്യില്ലെന്നും പറഞ്ഞാണു ഇവര്‍ പ്രസംഗം ആരംഭിച്ചത്. രോഗാവസ്ഥയില്‍നിന്നു തന്നെ രക്ഷിച്ചതിനു പിന്നില്‍ വലിയൊരു ശക്തിയുണ്ടെന്ന് ഉറപ്പാണെന്നായിരുന്നു മീനയുടെ സാക്ഷ്യം.
പാര്‍ട്ടി മതവിശ്വാസത്തിന് എതിരായിരുന്നെങ്കില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം രാജു ഏബ്രഹാം എംഎല്‍എയും എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് റോഷന്‍ റോയി മാത്യുവും ക്‌നാനായ പള്ളിയില്‍ വിവാഹം കഴിച്ചപ്പോഴും എംഎല്‍എ മക്കളുടെ മാമോദീസ നടത്തിയപ്പോഴും നടപടിയെടുക്കേണ്ടിയിരുന്നുവെന്നും സഖാവ് പറഞ്ഞു.
കാലടിയില്‍നിന്നുള്ള പെന്തക്കോസ്ത് പാസ്റ്ററുടെ സുവിശേഷപ്രസംഗത്തില്‍ ആകൃഷ്ടയായാണു താന്‍ ജീവിതാനുഭവങ്ങള്‍ മൈക്കിലൂടെ സാക്ഷ്യം പറയുന്നതെന്ന് മീന പറഞ്ഞു. സിപിഎം താലൂക്ക് മുന്‍ സെക്രട്ടറി ചാക്കോയുടെ ഭാര്യയായ മീന സര്‍ക്കാര്‍ അഭിഭാഷകയാണ്.
വാഹനാപകടത്തെ തുടര്‍ന്നു ചാക്കോ ദീര്‍ഘകാലമായി ചികിത്സയിലാണ്. മീനയ്ക്ക് ഏതാനും മാസം മുമ്പു ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയില്‍ മൂന്നുതവണ ശസ്ത്രക്രിയയ്ക്കു വിധേയയായ മീന ഇപ്പോഴും ചികില്‍സയിലാണ്. മരുന്നു വാങ്ങാന്‍ മെഡിക്കല്‍ സ്‌റ്റോറിലെത്തിയപ്പോഴാണ് അപരിചിതനായ പാസ്റ്ററുടെ പ്രസംഗം കേട്ടതത്രേ.
തുടര്‍ന്നു പാസ്റ്ററുടെ അടുത്തെത്തി ജീവിതാനുഭവങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. പാസ്റ്ററുടെ ആവശ്യപ്രകാരം ഇക്കാര്യങ്ങള്‍ മൈക്കിലൂടെ സാക്ഷ്യം പറയുകയായിരുന്നെന്നു മീന പറഞ്ഞു. മീനയ്‌ക്കെതിരെ നടപടിക്കു സാധ്യതയുണ്ടെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.












Click it and Unblock the Notifications