ചിലിയില്‍ ഭൂചലനം, സുനാമി; മരണം 300 കവിഞ്ഞു

ചിലിയില്‍ ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ സുനാമി ജുവാന്‍ ഫെര്‍ണാണ്ടസ്, ഹവായി ദ്വീപുകളില്‍ വന്‍നാശനഷ്ടമുണ്ടാക്കി. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
ചിലിയിലെ രണ്ടാമത്തെ വലിയ നഗരമായ കണ്‍സപ്ഷ്യന്റെ വടക്കുകിഴക്ക് 35 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഒന്നര മിനിറ്റിനുള്ളില്‍ കണ്‍സപ്ഷ്യന്‍, കുറികോ, തലസ്ഥാനമായ സാന്റിയാഗോ എന്നിവിടങ്ങളില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു.
പാലങ്ങള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് ഗതാഗതം നിലച്ചു. പലയിടങ്ങളിലും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ഭൂചലനത്തെത്തുടര്‍ന്ന് സാന്റിയാഗോയിലെ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ ചെമ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമായ ചിലിയില്‍ ഭൂകമ്പത്തെത്തുടര്‍ന്ന് ചെമ്പ് ഖനനം നിര്‍ത്തിവെച്ചു.
വന്‍ശക്തിയനുഭവപ്പെട്ട ആദ്യചലനത്തിനുശേഷം ഇരുപതോളം തുടര്‍ചലനങ്ങളുമുണ്ടായി. 6.1 തീവ്രത വരെ രേഖപ്പെടുത്തിയവയാണ് തുടര്‍ ചലനങ്ങള്‍. ഇവയെത്തുടര്‍ന്ന്് ജനങ്ങള്‍ തുറസ്സായ സ്ഥലങ്ങളില്‍ത്തന്നെ കഴിയുകയാണ്. പ്രഭവ കേന്ദ്രത്തിനു സമീപമുള്ള തീരങ്ങളില്‍ സുനാമി ആഞ്ഞടിച്ചേക്കാമെന്ന് പസഫിക് സുനാമി മുന്നറിയിപ്പുകേന്ദ്രം അറിയിച്ചിരുന്നു.
കഴിഞ്ഞ ജനവരി 12ന് ഹെയ്തിയിലുണ്ടായ ഭൂകമ്പത്തെക്കാളും തീവ്രതയേറിയ ചലനമാണ് ചിലിയിലുണ്ടായത്. റിച്ചര്‍സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഹെയ്തി ഭൂചലനത്തില്‍ രണ്ടരലക്ഷത്തോളം പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications