സര്‍ക്കാര്‍ കയ്യേറ്റക്കാരെ സംരക്ഷിക്കുന്നു

കയ്യേറ്റക്കാരായ യുഡിഎഫ് അംഗങ്ങളുടെ പേര്‍കൂടി ഉള്‍പ്പെടുത്തി പുതിയ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കാമെന്ന മുഖ്യമന്ത്രിയുടെ മറുപടിയാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.
മൂന്നാറില്‍ ഭൂമാഫിയകളുടെ വിളയാട്ടമാണെന്നും സര്‍ക്കാര്‍ അസംബന്ധ നാടകം കളിക്കുകയാണെന്നും പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. സഭ നിര്‍ത്തിവച്ചുള്ള അടിയന്തിര പ്രമേയ ചര്‍ച്ചയാണ് മൂന്നാര്‍ വിഷയത്തില്‍ നടന്നത്.
കയ്യേറ്റക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. സഭിയില്‍ നിന്ന് ഇറങ്ങിപ്പോയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു യുഡിഎഫ് നേതാവും മൂന്നാറില്‍ കയ്യേറ്റം നടത്തിയതായി കളക്ടറുടെ റിപ്പോര്‍ട്ടിലില്ല. എന്നിട്ടും യുഡിഎഫ് നേതാക്കള്‍ കയ്യേറ്റം നടത്തിയെന്ന് വരുത്തിത്തീര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. എകെ മണിയും പിപി.തങ്കച്ചനും ഭൂമി കയ്യേറിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.
ടാറ്റയുടെ കൈവശം അനധികൃത ഭൂമിയുണ്‌ടെങ്കില്‍ അത് തിരിച്ചുപിടിക്കണം. കയ്യേറ്റത്തിന്റെ പേരില്‍ ഇടുക്കിയിലെ ചെറുകിട കര്‍ഷകരെ ദ്രോഹിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷനേതാവ് ഉന്നയിച്ച ആവശ്യങ്ങള്‍ തിരസ്‌കരിക്കാനാവില്ലെന്ന് ചര്‍ച്ചയ്ക്ക് മറുപടിയായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് പറഞ്ഞ കാര്യങ്ങള്‍ ഗൗരവമായി കണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കും. കയ്യേറ്റം നടത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ പട്ടിക തയ്യാറാക്കി പുതിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തുനിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ നല്‍കിയ നോട്ടീസിലാണ് അത്യപൂര്‍വമായ സഭ നിര്‍ത്തിവച്ചുള്ള അടിയന്തിര ചര്‍ച്ചയ്ക്ക് സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ അനുമതി നല്‍കിയത്. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധമാണെന്ന് റവന്യൂമന്ത്രി കെപി.രാജേന്ദ്രന്‍ അറിയിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ ആലോചിച്ച് രണ്ടു രണ്ട് മണിക്കൂര്‍ ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ചര്‍ച്ച മൂന്നര മണിക്കൂറോളം നീണ്ടു.
സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലെ പതിനേഴാമത്തെ അടിയന്തര പ്രമേയ ചര്‍ച്ചയാണ് മൂന്നാര്‍ വിഷയത്തില്‍ നടന്നത്. 19 തവണയാണ് അടിയന്തരിര പ്രമേയത്തിന് സംസ്ഥാന നിയമസഭയില്‍ അനുമതി നല്‍കിയിട്ടുള്ളത്. ഈ സര്‍ക്കാരിന്റെ കാലാത്തെ മൂന്നാമത്തെ അടിയന്തിര പ്രമേയ ചര്‍ച്ചകൂടിയാണിത്.












Click it and Unblock the Notifications