ഗൗരിയമ്മയും കൃഷ്ണയ്യരും കൊമ്പുകോര്‍ക്കുന്നു

ഭൂപരിഷ്‌കരണം എഴുതിത്തയ്യാറാക്കിയത് താനാണെന്നാണ് കൃഷ്ണയ്യര്‍ അവകാശപ്പെട്ടിരിക്കുന്നത്. എന്നാല്‍ അദ്ദേഹം കള്ളംപറഞ്ഞ് ചരിത്രംവളച്ചൊടിച്ച് എട്ടുകാലിമമ്മൂഞ്ഞ് ചമയുകയാണെന്നാണ് ഗൗരിയമ്മ ആരോപിച്ചിരിക്കുന്നത്.
കൃഷ്ണയ്യര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ ചുരുക്കം ഇങ്ങനെയാണ്- ഞാനാണ് ഭൂപരിഷ്‌കരണ നിയമം തയ്യാറാക്കിയത്. ഗൗരിയമ്മ ഒന്നും ചെയ്തിട്ടില്ല. പാര്‍ട്ടിയില്‍ നിയമത്തെക്കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ ഇത് എളുപ്പമല്ലെന്ന് ഗൗരിയമ്മ പറഞ്ഞു.
പാര്‍ട്ടി അക്കാര്യം എന്നെ ഏല്പിച്ചു. 24 മണിക്കൂര്‍ കൊണ്ട് ഞാന്‍ നിയമം എഴുതി തയ്യാറാക്കി. റവന്യു മന്ത്രിയായതിനാല്‍ ഗൗരിയമ്മ അത് നിയമസഭയില്‍ അവതരിപ്പിച്ച് പ്രസംഗിച്ചുവെന്നേയുള്ള. മദിരാശി നിയമസഭയില്‍ അംഗമായിരിക്കെ ഞാന്‍ മലബാര്‍ ഭൂപരിഷ്‌കരണം കൊണ്ടുവന്നിരുന്നു. ഗൗരിയമ്മയെ ഏല്പിച്ചിരുന്നുവെങ്കില്‍ ഇതൊന്നും നടക്കില്ലായിരുന്നു.
എന്നാല്‍ കൃഷ്ണയ്യര്‍ പറയുന്നത് നട്ടാല്‍ കുരുക്കാത്ത നുണയാണെന്ന് ഗൗരിയമ്മ ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 57ലെ സര്‍ക്കാര്‍ നിയമം തയ്യാറാക്കിയതില്‍ കൃഷ്ണയ്യര്‍ക്ക് ഒരു പങ്കുമില്ലെന്ന് ചൂണ്ടിക്കാട്ടിയ ഗൗരിയമ്മ സമഗ്രമായി വിശദീകരണം നല്‍കി.
കൃഷ്ണയ്യര്‍ സുപ്രീംകോടതി ജഡ്ജിയുടെ പെന്‍ഷനും എംഎല്‍എ പെന്‍ഷനും ഒരുമിച്ച ്‌വാങ്ങിയപ്പോള്‍ അതിനെതിരെ ഞാന്‍ ശബ്ദമുയര്‍ത്തിയിരുന്നു. അതിലുള്ള പ്രതിഷേധമാകാം ഇപ്പോള്‍ അദ്ദേഹം ഇങ്ങനെയൊക്കെ പറഞ്ഞതിന് പിന്നില്‍.
ആലുവയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെയും കര്‍ഷക സംഘത്തിന്റെയും യോഗം നിയമത്തിന്റെ ഉള്ളടക്കം തയാറാക്കാന്‍ എന്നെയും സി.എച്ച്. കണാരന്‍, ഗോപാലകൃഷ്ണ മേനോന്‍ എന്നിവരെയും ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു.
റവന്യൂ മന്ത്രിയായിരുന്ന എന്റെ നേതൃത്വത്തില്‍ ഈ കമ്മിറ്റിയാണ് നിയമത്തിനു രൂപം നല്‍കിയത്. 1967ല്‍ വന്ന മന്ത്രിസഭയില്‍ ഭേദഗതികള്‍ അവതരിപ്പിച്ച് പാസാക്കിയതിന് നേതൃത്വം നല്‍കിയത് ഞാനാണ്.
അന്ന് 15 ഏക്കറായിരുന്നു ഭൂമി കൈവശം വയ്ക്കാവുന്നത്. പരിധിയില്ലാത്ത ഭൂമിയുണ്ടായിരുന്നത് രക്ഷിക്കാന്‍ കൃഷ്ണയ്യരുടെ അച്ഛന്റെ പേരില്‍ ട്രസ്റ്റുണ്ടാക്കിഭൂമി മുഴുവന്‍ ആ തുളസിത്തറ ട്രസ്റ്റിന്റെ പേരിലാക്കി-ഗൌരിയമ്മ പറഞ്ഞു.
1957ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗങ്ങളില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരാണ് ഇവര്‍ രണ്ടുപേരും. അന്ന് ഗൗരിയമ്മ റവന്യു, എക്‌സൈസ്, ദേവസ്വം, സാമൂഹികക്ഷേമം എന്നീ വകുപ്പുകള്‍ വഹിച്ചപ്പോള്‍ കൃഷ്ണയ്യര്‍ക്ക് ആഭ്യന്തരം, ജയില്‍, ഇറിഗേഷന്‍, നിയമം എന്നീ വകുപ്പുകളുടെ ചുമതലയായിരുന്നു.












Click it and Unblock the Notifications