സ്വകാര്യ ഭൂമി കയ്യേറുന്നത് ക്രിമിനല്‍ കുറ്റം:കോടതി

നിയമവാഴ്ച നിലനില്‍ക്കുമ്പോള്‍ ആദിവാസികളുടെ ഈ നീക്കങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയുടെ വാക്കാലുള്ള പ്രതികരണം.
എം.വി ശ്രേയാംസ്‌കുമാര്‍ എംഎല്‍എ, വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് പോത്തന്‍, മോഹന്‍ ജോര്‍ജ് അഞ്ചേരില്‍ എന്നിവരുടെ ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതി തിങ്കളാഴ്ച ഇക്കാര്യങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചത്.
ഹര്‍ജിക്കാരുടെ ഭൂമികള്‍ക്ക് നേരത്തെ നല്‍കിയിരുന്ന പോലീസ് സംരക്ഷണം രണ്ടാഴ്ചകൂടി നീട്ടിക്കൊണ്ട് ജസ്റ്റിസ് കെ.എം. ജോസഫും ജസ്റ്റിസ് എം.എല്‍ ജോസഫ് ഫ്രാന്‍സിസും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. കേസ് മാര്‍ച്ച് 15ന് വീണ്ടും പരിഗണിക്കാന്‍ മാറ്റിവച്ചു.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രേരണയോടെയാണ് ഹര്‍ജിക്കാരുടെ എസ്‌റ്റേറ്റുകളില്‍ ആദിവാസികള്‍ അതിക്രമിച്ചു കയറി പ്രക്ഷോഭം നടത്തിയിട്ടുള്ളതെന്നും തങ്ങള്‍ സമാധാനപരമായിട്ടാണ് പ്രക്ഷോഭം നടത്തുന്നതെന്ന് ആദിവാസി സമിതി പറഞ്ഞുവെങ്കിലും കോടതി അതിനോട് യോജിച്ചില്ല.
ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്ന കാര്യം അനുകമ്പയോടെയാണ് വീക്ഷിക്കുന്നതെന്ന് ഡിവിഷന്‍ ബഞ്ച് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍, അതിന്റെ പേരില്‍ അനധികൃത കൈയേറ്റത്തെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
വയനാട്ടില്‍ സര്‍ക്കാരിന്റെ പക്കലുള്ള ഭൂമിയുടെ വിശദവിവരങ്ങള്‍ കോടതി കഴിഞ്ഞതവണ തിരക്കിയിരുന്നു. ഇക്കാര്യം തിങ്കളാഴ്ച സര്‍ക്കാര്‍ അറിയിക്കേണ്ടിയിരുന്നു. എന്നാല്‍, അതിന് സമയം വേണമെന്ന് സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോള്‍ കോടതി ശക്തമായി പ്രതികരിക്കുകയും ചെയ്തു. വിവരങ്ങള്‍ നല്‍കുന്നത് നീട്ടിക്കൊണ്ടുപോകരുതെന്നും ഹര്‍ജിക്കാര്‍ക്ക് ആശ്വാസം നല്‍കേണ്ടത് കോടതിയുടെ ചുമതലയാണെന്നും ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.
ഉച്ചയ്ക്ക് 1.45ന് തന്നെ അഡ്വക്കെറ്റ് ജനറലിന്റെ മറുപടി വേണമെന്ന് കോടതി നിര്‍ദേശിച്ചുവെങ്കിലും പിന്നീട് ഗവണ്‍മെന്റ് പ്ലീഡറുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് മാര്‍ച്ച് 15 വരെ സമയം നല്‍കുകയാണുണ്ടായത്. കേസ് നീണ്ടുപോകരുതെന്നായിരുന്നു കോടതിയുടെ നിലപാട്.












Click it and Unblock the Notifications