കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്രമണ ഭീഷണി: കൊച്ചിയില്‍ 20പേര്‍ കസ്റ്റഡിയില്‍

  • By Lakshmi
Google Oneindia Malayalam News

Security Guards In Kochi
കൊച്ചി: ലഷ്‌കര്‍ ഇ തൊയ്ബയുടെ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന കൊച്ചിയില്‍ കനത്തജാഗ്രത. മുന്‍ കരുതെന്ന നിലയില്‍ നഗരത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി 20പേരെ കസ്റ്റഡിയിലെടുത്തു. തീവ്രവാദക്കേസുകളുമായി ബന്ധമുള്ളവരെയാണു മുന്‍കരുതലായി കസ്റ്റഡിയിലെടുത്തത്.

കമാന്‍ഡോകളും ദ്രുതകര്‍മ സേനയുമുള്‍പ്പെടെ 2200 പൊലീസുകാരെ നഗരത്തില്‍ വിന്യസിച്ചതോടെ രണ്ടാം കനത്ത സുരക്ഷാവലയത്തിലായി. സുരക്ഷാക്രമീകരണങ്ങള്‍ തിങ്കളാഴ്ച വൈകിട്ടു വരെ തുടരും.

വിദേശ സഞ്ചാരികള്‍ കൂടുതലായെത്തുന്ന മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി എന്നിവിടങ്ങളില്‍ പൊലീസ് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരും കേസുകളില്‍പ്പെട്ടവരും നിരീക്ഷണത്തിലാണ്.

തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാംപില്‍ നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ പരിശീലനം നേടിയ 30 കമാന്‍ഡോകള്‍ കൂടി ശനിയാഴ്ച കൊച്ചിയിലെത്തി. കൊച്ചി സിറ്റി പൊലീസിന്റെ 22 കമാന്‍ഡോകള്‍, ക്വിക് റെസ്‌പോണ്‍സ് ടീമിലെ 40 പേര്‍, ഏആര്‍ ക്യാംപില്‍ നിന്നുള്ള പൊലീസുകാര്‍ തുടങ്ങിയവരും തന്ത്രപ്രധാന സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച സുരക്ഷാ പരിശോധന അര്‍ധരാത്രി കഴിഞ്ഞും തുടര്‍ന്നു.

സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി സിറ്റി പൊലീസ് കമ്മിഷണര്‍ മനോജ് ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷന്‍ കോംപ്‌ളക്‌സില്‍ അടിയന്തര യോഗം കൂടി.

പൊതു മേഖലാ സ്ഥാപന മേധാവികള്‍, കസ്റ്റംസ്, സിഐഎസ്എഫ്, കോസ്റ്റ് ഗാര്‍ഡ്, ഇന്റലിജന്‍സ് ബ്യൂറോ എന്നിവയുടെ പ്രതിനിധികള്‍ തുടങ്ങിയവരടക്കം 110 പേര്‍ യോഗത്തില്‍ പങ്കെടുത്തു.

ദക്ഷിണ നാവിക ആസ്ഥാനം, കൊച്ചി രാജ്യാന്തര വിമാനത്താവളം, കൊച്ചി കപ്പല്‍ശാല, ഹൈക്കോടതി, കൊച്ചി റിഫൈനറി, കലക്ടറേറ്റ്, തുറമുഖം, ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കി.

ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളിലും കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ മുഴുവന്‍ യാത്രക്കാരെയും കര്‍ശന പരിശോധനയ്ക്കു വിധേയമാക്കാനാണ് നിര്‍ദേശം.

നഗരത്തിലെ പ്രധാന ജംക്ഷനുകള്‍, റയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യാപാരവ്യവസായ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. മുഖ്യ കേന്ദ്രങ്ങളില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. റയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാരുടെ മുഴുവന്‍ ലഗേജും പരിശോധിച്ച ശേഷമാണു കടത്തിവിട്ടത്, ട്രെയിനുകളും പരിശോധിച്ചു.

ഹോട്ടലുകളും, സിനിമാ തിയറ്ററുകളും, ജനത്തിരക്കേറിയ സ്ഥലങ്ങളും ഷാഡോ പൊലീസ് നിരീക്ഷണത്തിലാണ്. സുരക്ഷാ ഭീഷണിയുള്ള മട്ടാഞ്ചേരി ജൂതപ്പള്ളി, ഫോര്‍ട്ടുകൊച്ചി സെന്റ് ഫ്രാന്‍സിസ് പള്ളി എന്നിവിടങ്ങളിലാണു കമാന്‍ഡോകളെ നിയോഗിച്ചിരിക്കുന്നത്.

നാവിക സേന, കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ പൊലീസ് തുടങ്ങിയവയുടെ നേതൃത്വത്തില്‍ കടലിലൂം, കായലിലും ബോട്ടില്‍ നിരീക്ഷണം നടത്തുന്നുണ്ട്.

ലഷ്‌കറെ ആക്രമണ ഭീഷണിയുടെ പേരില്‍ ആശങ്ക വേണ്ടെന്നും, സംശയാസ്പദമായി എന്തു കണ്ടാലും വിവരം 100, 1090 എന്നീ നമ്പരുകളില്‍ അറിയിക്കുകയോ, 9497900000 എന്ന നമ്പരില്‍ എസ്എംഎസ് ചെയ്യുകയോ വേണമെന്നും കമ്മിഷണര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X