കന്നുകാലി ക്ലാസ് മറന്നേയ്ക്കൂ; ഇനി ബിസിനസ് ക്ലാസ്

ഏപ്രില്‍ ഒന്നു മുതല്‍ കേന്ദ്ര മന്ത്രിമാര്‍ക്കു നല്ല കാലം വരുകയാണ്. ചെലവുചുരുക്കലിനു മന്ത്രിമാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയാണ്.
കന്നുകാലി ക്‌ളാസില്‍ അവര്‍ക്കിനി യാത്ര ചെയ്യേണ്ടി വരില്ല. കേന്ദ്ര ബജറ്റിന് അംഗീകാരം നല്‍കാന്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ക്യാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖറാണ് ഈ ഉറപ്പു നല്‍കിയത്. മന്ത്രി ഫാറൂഖ് അബ്ദുല്ലയാണു വിഷയം ശ്രദ്ധയില്‍ കൊണ്ടുവന്നത്.
ഇന്ത്യയെ സംബന്ധിച്ചും നല്ല ദിനങ്ങള്‍ വരുന്നതിന്റെ സൂചന കൂടിയാണിത്. സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്നാണ് ചെലവ് ചുരുക്കാന്‍ മന്ത്രിമാരോട് കാറ്റില്‍ ക്ലാസില്‍ യാത്രചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. എന്നാലിപ്പോള്‍ രാജ്യം വിജയകരമായി സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചിരിക്കുകയാണ്. ഇനി മന്ത്രിമാര്‍ക്ക് ആഡംബരമായിത്തന്നെ യാത്രചെയ്യാം.
വിമാനത്തില്‍ ഇക്കോണമി ക്‌ളാസില്‍ സഞ്ചരിക്കാന്‍ തന്നെപ്പോലുള്ള 'അതികായര്‍ക്കു ബുദ്ധിമുട്ടായതിനാല്‍ എന്നാണു നിയന്ത്രണം പിന്‍വലിക്കാന്‍ കഴിയുക എന്നായിരുന്നു ഫാറൂഖിന്റെ ചോദ്യം.
ഉയരത്തിനൊപ്പിച്ചു നീളമുള്ള കാല്‍ ഇക്കോണമി ക്‌ളാസില്‍ ഒടിച്ചുമടക്കിവച്ചു യാത്ര ചെയ്യേണ്ടി വരുന്നതിന്റെ കഷ്ടപ്പാടാണു കശ്മീര്‍ നേതാവ് ഉന്നയിച്ചത്. ടെക്‌സ്‌റ്റെല്‍സ് മന്ത്രി ദയാനിധിമാരനും ഫാറൂഖിനെ പിന്തുണച്ചു. കൃഷി മന്ത്രി ശരദ് പവാറും വാണിജ്യ മന്ത്രി ആനന്ദ് ശര്‍മയ്ക്കും പണ്ടുതന്നേ ഈ നിബന്ധന മാറ്റണമെന്ന അഭിപ്രായമുണ്ട്.
ഈ ഘട്ടത്തിലാണു നമ്മുടെ കഷ്ടതകള്‍ അകലുകയാണെന്നും ബിസിനസ് ക്‌ളാസില്‍ യാത്ര ചെയ്യാന്‍കഴിയുന്ന സമയം വന്നെത്തുകയാണെന്നും അറിയിപ്പുണ്ടായത്.
സെപ്റ്റംബറിലാണു മന്ത്രിമാരില്‍ പലര്‍ക്കും അസ്വസ്ഥത സൃഷ്ടിച്ചു ചെലവുചുരുക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നിര്‍ദ്ദേശം വച്ചത്. ഇതിന്റെ ഭാഗമായി നക്ഷത്രഹോട്ടലില്‍ കഴിയുകയായിരുന്ന വിദേശ കാര്യ മന്ത്രി എസ്.എം. കൃഷ്ണയെയും ശശി തരൂരിനെയും അവിടെനിന്നും കുടിയിറക്കി.
ഒട്ടും വൈകാതെ ശശി തരൂര്‍ കന്നുകാലി ക്ലാസ് വിവാദവുമായി രംഗത്തെത്തി. സോണിയയും രാഹുലും തീവണ്ടിയില്‍ യാത്രചെയ്ത് വാര്‍ത്തയുണ്ടാക്കി. എന്തായാലും ചെലവുചുരുക്കല്‍ പരിപാടിമൂലം സര്‍ക്കാരിനു ലാഭിക്കാന്‍ കഴിഞ്ഞത് 2000 കോടി രൂപയാണത്രേ.












Click it and Unblock the Notifications