മന്ത്രി പാര്‍ട്ടി പ്രവര്‍ത്തകനെ ചവിട്ടി

ഏപ്രില്‍ 11ന് നടക്കുന്ന ഔറംഗാബാദ് മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിനായി എന്‍സിപിയുമായി കൂട്ടുകെട്ടുണ്ടാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് കോണ്‍ഗ്രസ് യോഗം ചേര്‍ന്നത്. സ്വതന്ത്ര എംഎല്‍എയായ പ്രദീപ് ജെയ്‌സ്വാള്‍ സ്ഥാപിച്ച പ്രഗതി അഗതിയെന്ന പാര്‍ട്ടിയുടെ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നു.
മൂന്നു കക്ഷികളിലെ നേതാക്കന്മാരും തമ്മില്‍ യോഗത്തിനിടെ വന്‍ വാഗ്വാദങ്ങള്‍ നടന്നിരുന്നു. മൂന്നു കക്ഷികളുടെയും പ്രവര്‍ത്തകരും യോഗസ്ഥലത്ത് എത്തിയിരുന്നു. ചര്‍ച്ചയും ബഹളവും പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നിസാര്‍ എഴുന്നേറ്റ് നിന്ന് മന്ത്രി സത്താറിനെ ചീത്തവിളിച്ചു.
കോപാകുലനായ മന്ത്രി എല്ലാവരും നോക്കിനില്‍ക്കേ നിസാറിനെ ചവിട്ടി താഴെയിട്ടു. ആദ്യം മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് നിസാറിനെ കൈകാര്യം ചെയ്തത്. അതു കഴിഞ്ഞാണ് മന്ത്രിയെത്തി അയാളുടെ വയറിനും മറ്റും ചവിട്ടിയത്.
രംഗങ്ങളെല്ലാം മാധ്യമപ്രവര്‍ത്തകര്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. അടിവയറ്റില്‍ മന്ത്രിയുടെ തൊഴിയേറ്റ നിസാര്‍ ബോധരഹിനായി നിലത്തു വീണു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സില്ലോഡ് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച് മന്ത്രിയായ ആളാണ് അബ്ദുള്‍ സത്താര്‍. നിസാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ലെന്നും അയാളെ തനിക്കറിയില്ലെന്നുമാണ് സത്താര്‍ പറയുന്നത്. നിസാറിനെതിരെ പരാതി നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications