ബാലവിവാഹം: വധുവരന്മാര്‍ കസ്റ്റഡിയില്‍

ക്ഷേത്രത്തില്‍ വച്ച് താലികെട്ട് നടത്തിയശേഷം ശേഷം വിവാഹസദ്യ വിളമ്പാന്‍ ഒരുക്കം നടക്കുന്നതിനിടെ വധുവിന്റെ വീടു വളഞ്ഞ് രക്ഷിതാക്കളെയും വധൂവരന്‍മാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം ക്രേവന്‍ ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയും പുള്ളിക്കട കോളനിവാസിയുമായ പെണ്‍കുട്ടിയുടെ വിവാഹമാണ് തിങ്കളാഴ്ച രാവിലെ ആശ്രാമം മുനീശ്വരന്‍ കോവില്‍ ക്ഷേത്രത്തില്‍ തമിഴ് ആചാരപ്രകാരം നടന്നത്.
പെണ്‍കുട്ടിയുടെ പിതാവിന്റെ ബന്ധു തേനി ഉപ്പുകോട്ടവിളക്ക് വീരപാണ്ഡ്യ സ്വദേശി അശോകാ(23)യിരുന്നു വരന്‍. തേനിയില്‍ കോട്ടണ്‍മില്‍ തൊഴിലാളിയാണ് ഇയാള്‍.
തമിഴ്‌നാട്ടില്‍നിന്നെത്തിയ വരന്റെ ബന്ധുക്കളും കോളനിവാസികളും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ കല്യാണത്തിനെത്തിയിരുന്നു. വിവാഹം കഴിഞ്ഞ് ആളുകള്‍ പുള്ളിക്കട കോളനിയിലെ വധുവിന്റെ വീട്ടിലെത്തിയ ശേഷമാണ് ബാലവിവാഹത്തെപ്പറ്റി ശിശുസംരക്ഷണസമിതി ജില്ലാ സെക്രട്ടറിയും കൊല്ലം കോര്‍പറേഷന്‍ ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷയുമായ പ്രസന്നാ ഏണസ്റ്റിനു വിവരം ലഭിച്ചത്.
ജില്ലാ കലക്ടര്‍ എ. ഷാജഹാന്‍, ജില്ലാ പോലീസ് സൂപ്രണ്ട് ഹര്‍ഷിത അട്ടല്ലൂരി എന്നിവരുമായി ബന്ധപ്പെട്ട ശേഷം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും കൂട്ടി പ്രസന്ന സ്ഥലത്തെത്തി. ഇതോടെ വധുവിന്റെ ബന്ധുക്കള്‍ വീട്ടിലെ കമാനവും മറ്റ് അലങ്കാരങ്ങളും അഴിച്ചുതുടങ്ങി. പെണ്‍കുട്ടിയെ വീട്ടില്‍നിന്നു മാറ്റാനും ശ്രമം നടന്നു.
എസ്.പിയുടെ നിര്‍ദേശപ്രകാരം ഈസ്റ്റ് പോലീസ് വീടു വളഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ശെല്‍വന്‍, മാതാവ് ശെല്‍വി, അശോകന്റെ രക്ഷിതാക്കളായ അരുണ്‍ദാസ്, മാരി എന്നിവരെയും വധൂവരന്‍മാരെയും കസ്റ്റഡിയിലെടുത്തു.
കല്യാണം ചിത്രീകരിച്ച വീഡിയോ, വധൂവരന്‍മാരുടെ ചിത്രങ്ങളോടു കൂടിയ ക്ഷണക്കത്ത് എന്നിവയും പിടിച്ചെടുത്തു. ഇവരെ സ്‌റ്റേഷനില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടിക്കു 18 വയസുണ്ടെന്ന രക്ഷിതാക്കളുടെ അവകാശവാദത്തെ തുടര്‍ന്ന് കേസെടുക്കാനാകാതെ പോലീസ് ആശയക്കുഴപ്പത്തിലായി. ക്രേവന്‍ സ്‌കൂളുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ജനനത്തീയതി 1995 മേയ് 21 ആണെന്നു കണ്ടെത്തിയതോടെയാണു കേസെടുത്തത്.
പെണ്‍കുട്ടി ഒരു മാസമായി സ്‌കൂളില്‍ പോയിരുന്നില്ല. പരീക്ഷയിലും പങ്കെടുത്തില്ല. ഒരാഴ്ചയ്ക്കിടെ കൊല്ലത്ത് ഇതു രണ്ടാം തവണയാണ് ബാലവിവാഹവുമായി ബന്ധപ്പെട്ട വിവാദം. കിളിക്കൊല്ലൂര്‍ തെക്കടം സ്വദേശിയായ പതിമൂന്നുകാരിയെ വിവാഹം കഴിപ്പിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ശിശുക്ഷേമസമിതി ഇടപെട്ടു തടഞ്ഞിരുന്നു.
കൊല്ലം നഗരത്തിലെ വിവിധ കോളനികളില്‍ താമസിക്കുന്ന തമിഴ് വംശജര്‍ക്കിടയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതിന് മുന്പ് വിവാഹം ചെയ്തുവിടുന്നത് വ്യാപകമാണെന്ന് അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications