പ്ലാച്ചിമട: കൊക്ക കോള 216 കോടിയുടെ നഷ്ടമുണ്ടാക്കി

ഈ തുക ഈടാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ട്രൈബ്യൂണല്‍ രൂപീകരിയ്ക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിയ്ക്കുന്നു. കമ്പനിക്കെതിരെ നിയമനടപടിയ്ക്ക് ശുപാര്‍ശ ചെയ്യാത്തത് സമിതിയെ അതിന് ചുമതലപ്പെടുത്താത് കൊണ്ടാണെന്ന് സമിതി അദ്ധ്യക്ഷന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എന്‍കെ.പ്രേമചന്ദ്രന്‍ അറിയിച്ചു.
ശിക്ഷ നല്‍കാവുന്ന കുറ്റകൃത്യങ്ങള്‍ കൊക്കോകോള കമ്പനി ചെയ്തതായാണ് സമിതി കണ്ടെത്തിയിരിക്കുന്നത്. പ്ലാച്ചിമട പഞ്ചായത്തിലെ ആയിരത്തോളം കുടുംബങ്ങള്‍ക്ക് ഈ ട്രൈബ്യൂണലിന് മുന്നില്‍ ഹര്‍ജി നല്‍കി അര്‍ഹതപ്പെട്ട നഷ്ടം എത്രയെന്ന് വിധി നേടാവുന്നതാണെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിയ്ക്കുന്നു.
അമിതമായ ജലചൂഷണം മൂലം പ്ലാച്ചിമട പ്രദേശത്ത് ഭൂജലം കാര്യമായി കുറഞ്ഞിട്ടുണ്ട്. ഫാക്ടറിയില്‍ നിന്ന് പുറന്തള്ളിയ മാലിന്യം പ്രദേശത്തെ മണ്ണിനെയും വെള്ളത്തെയും മലിനമാക്കി. വളമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഈയവും കാഡ്മിയവും അടങ്ങിയ മാലിന്യം കൃഷിയിടങ്ങളില്‍ തള്ളി കാര്‍ഷിക നഷ്ടവും വരുത്തിവെച്ചു. ജലചൂഷണം മൂലം കാര്‍ഷിക മേഖലയില്‍ 84 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ആരോഗ്യ പ്രശ്‌നങ്ങളാല്‍ 30 കോടിയുടെ നഷ്ടമുണ്ടായി.
ജയകുമാര്‍ അദ്ധ്യക്ഷനായ സമിതി പ്ലാച്ചിമടയിലുണ്ടായ ജലചൂഷണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെക്കുറിച്ചാണ് പഠനം നടത്തിയത്. ജലചൂഷണം, കൃഷിക്കുണ്ടായ നാശം, ഗ്രാമീണ മേഖലയില്‍ ചെറുകിട തൊഴിലാളികള്‍ക്കുണ്ടായ നഷ്ടം എന്നിവയെല്ലാം കണക്കിലെടുത്താണു സമിതി നഷ്ടം കണക്കാക്കിയിരിക്കുന്നത്.
അതേ സമയം തെളിയിക്കപ്പെടാത്ത നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ നാശനഷ്ടങ്ങള്‍ക്ക് കാരണം കൊക്ക കോളയാണെന്ന് കണ്ടെത്തിയത് നിര്‍ഭാഗ്യകരമാണെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.












Click it and Unblock the Notifications