ജാതി ചോദിയ്ക്കുന്ന ഉത്തരക്കടലാസ്!!

എസ്എസ്എല്‍സി ബുക്ക് പോലെ എക്കാലവും സൂക്ഷിക്കേണ്ട രേഖകളില്‍ ജാതി വ്യക്തമാക്കുന്ന രീതി നമുക്ക് പരിചിതമാണ്. എന്നാല്‍ ഉത്തരക്കടലാസില്‍ ജാതി വ്യക്തമാക്കുകയെന്നത് നമ്മളെ സംബന്ധിച്ച് തീര്‍ത്തും അപരിചിതമായ കാര്യമാണ്. എന്നാല്‍ ബീഹാറിലെ ഒരു ജില്ലയിലെ സ്ഥിതി ഏറെ അമ്പരപ്പുളവാക്കുന്നതാണ്.
പ്രൈമറി സ്‌കൂളിലെ കുട്ടികള്‍ ഉത്തരക്കടലാസില്‍ സ്വന്തം ജാതി വ്യക്തമാക്കിയിരിക്കണമെന്നാണ് ഇവിടത്തെ നിയമം. ബീഹാറിലെ മുസഫര്‍പുര്‍ ജില്ലയിലെ വിദ്യാഭ്യാസ ഓഫീസറുടേതാണ് ഉത്തരവ്. പരീക്ഷാ ഹാളില്‍ എത്തിയാല്‍ ഉത്തരങ്ങളെഴുതുന്നതിന് മുമ്പേ കുട്ടികള്‍ ജാതി വ്യക്തമാക്കിയിരിക്കണമെന്നാണ് നിര്‍ദ്ദേശം.
കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന ഉത്തരക്കടലാസില്‍ ഇതിനായി പ്രത്യേകം കോളവും ചേര്‍ത്തിട്ടുണ്ട്. എല്ലാ ജാതിയില്‍പ്പെട്ട കുട്ടികള്‍ക്കും ഗുണപരമായ വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് ഈ രീതി കൊണ്ടുവന്നതെന്നാണ് ബീഹാറിലെ എജ്യുക്കേഷന്‍ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ശങ്കര്‍ കുമാര്‍ പറയുന്നത്.
ഈ രീതി കൊള്ളാമെന്ന് തോന്നുമെങ്കിലും ഇതിനെതിരെ ജില്ലയില്‍ പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഉത്തരക്കടലാസിലെ കോളത്തില്‍ ദളിത്, മഹാദളിത് എന്നിങ്ങനെയാണ് ജാതി തിരിച്ച് നല്‍കിയിരിക്കുന്നത്. ഇതില്‍ അവനവന്റെ ജാതിയുടെ കോളത്തില്‍ മാര്‍ക്ക് ചെയ്യണം.
എന്നാല്‍ പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് ഇത്തരം കാര്യങ്ങള്‍ എങ്ങനെ അറിയാനാകുമെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇത്തരമൊരു രീതിയിലൂടെ അധികൃതര്‍ കുട്ടികളില്‍ ജാതിചിന്ത വളര്‍ത്താനാണ് ശ്രമിക്കുന്നതെന്നാണ് അധ്യാപകര്‍ പറയുന്നത്.
ജാതി അറിയാമെങ്കിലും ഇല്ലെങ്കിലും ഓരോ കുട്ടിയും കോളങ്ങള്‍ നിര്‍ബ്ബന്ധമായും പൂരിപ്പിച്ചിരിക്കണമെന്നാണ് നിയമം. മുമ്പൊക്കെ തങ്ങള്‍ക്കിടയില്‍ നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും ഉത്തരക്കടലാസില്‍ ജാതിയെഴുതുന്ന രീതി വന്നതോടെ പലകുട്ടികളും ജാതിയുടെ പേരില്‍ ഒറ്റപ്പെടുകയാണെന്ന് ഒരു വിദ്യാര്‍ത്ഥി പറയുന്നു.
രക്ഷിതാക്കളും ഇതേ അഭിപ്രായക്കാരാണ്, വളര്‍ന്നു വരുന്ന കുട്ടികളില്‍ വിഷം നിറയ്ക്കുന്നതിന് തുല്യമാണ് ജാതിചിന്ത നിറയ്ക്കുന്നതുമെന്നാണ് ഇവര്‍ പറയുന്നത്. ഈ പ്രശ്‌നം സാമൂഹിക പ്രവര്‍ത്തകര്‍ സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശവും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ലെന്നും മനുഷ്യവിഭവമന്ത്രി ഹരി നാരായണ്‍ സിങ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.


Click it and Unblock the Notifications