ഒളിക്യാമറ: സാഗര്‍ ഹോട്ടല്‍ തുറക്കാന്‍ അനുമതി

ഹോട്ടല്‍ തുറക്കാനും അതിനാവശ്യമായ പോലീസ് സംരക്ഷണം നല്‍കാനും കോഴിക്കോട് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച പുതിയ ഉത്തരവ് പരിഗണിച്ചാണ് ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായരുടെ ഈ ഉത്തരവ്. ഹോട്ടല്‍ തുറക്കാന്‍ കളക്ടര്‍ അനുമതി നല്‍കിയിരുന്നെങ്കിലും ഉടമകള്‍ കോടതിയെ സമീപിയ്ക്കുകയായിരുന്നു.
ഹോട്ടലിലെ സ്ത്രീകളുടെ ടോയ്‌ലറ്റില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ ഒളിപ്പിച്ചുവച്ച് പ്രവര്‍ത്തിപ്പിക്കുന്നത് പിടികൂടിയത് വിവാദമായതോടെ ഹോട്ടല്‍ അടച്ചിടാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ഇതിനെ ചോദ്യം ചെയ്ത് ഹോട്ടല്‍ സാഗര്‍ ഉടമ കുന്നമംഗലം സ്വദേശി കെ.ടി. അബ്ദുള്‍ ഗഫൂര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോഴത്തെ ഉത്തരവ്. അനിശ്ചിതമായി അടച്ചിടുന്നതുവഴി ഹോട്ടലിലെ 125ലധികം വരുന്ന ജീവനക്കാരുടെയും ഉടമസ്ഥരുടെയും ഉപജീവനമാര്‍ഗം തടയരുതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു.
ഇതിനിടെ കേസിലെ പ്രതി അഖില്‍ ജോസിന്റെ ജാമ്യാപേക്ഷ ജില്ലാ ജഡ്ജി വെള്ളിയാഴ്ച പരിഗണിയ്ക്കും. പ്രതിയുടെ പൊലീസ് കസ്റ്റഡി വ്യാഴാഴ്ച കൂടി ഉള്ളതിനാലാണ് ജാമ്യാപേക്ഷ വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റിയത്.
ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് നാലാം മജിസ്‌ട്രേട്ട് മുന്‍പാകെ നല്‍കിയ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് ജില്ലാ ജഡ്ജി മുന്‍പാകെ ഒരാഴ്ച മുന്‍പ് ജാമ്യാപേക്ഷ നല്‍കിയത്.


Click it and Unblock the Notifications