മതനിന്ദ: അധ്യാപകനെതിരെ ക്രിമിനല്‍ കേസ്

വിവാദ ചോദ്യം തയാറാക്കിയ മലയാളവിഭാഗം അധ്യാപകന്‍ ടി.ജെ. ജോസഫിനെ സസ്‌പെന്‍ഡ് ചെയ്തതായും മന്ത്രി അറിയിച്ചു. അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ ഉപക്ഷേപത്തിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി.
തൊടുപുഴ ന്യൂമാന്‍ കോളേജില്‍ വെള്ളിയാഴ്ച നടത്തിയ ഒന്നാം വര്‍ഷ ബി.കോം (മോഡല്‍ ഒന്ന്) പരീക്ഷ റദ്ദു ചെയ്തതായി എം.ജി. സര്‍വകലാശാല അറിയിച്ചു. ഈ കോളേജിലെ വിദ്യാര്‍ഥികള്‍ക്കായി പരീക്ഷ വീണ്ടും നടത്തും.
ചോദ്യക്കടലാസ് വിവാദം അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റംഗം പ്രൊഫസര്‍ ചന്ദ്രമോഹനെ വൈസ് ചാന്‍സലര്‍ രാജന്‍ ഗുരുക്കള്‍ ചുമതലപ്പെടുത്തി. അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച മുസ്ലിം ഐക്യവേദി നടത്തിയ പ്രതിഷേധ പ്രകടനം തൊടുപുഴ നഗരത്തെ മണിക്കൂറുകളോളം സ്തംഭിപ്പിച്ചു.
പുറത്തുനിന്ന് എത്തിയ സാമൂഹികവിരുദ്ധരും നിരോധനാജ്ഞ ലംഘിച്ചതോടെ വൈകുന്നേരം പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പോലീസിനു നേരേ പലവട്ടം കല്ലേറുണ്ടായി. ഇടുക്കി എസ്.പി പി.കെ കുട്ടപ്പായിക്കും കല്ലേറില്‍ പരുക്കേറ്റു.
ന്യൂമാന്‍ കോളജിലെ ബി.കോം രണ്ടാം സെമസ്റ്റര്‍ ഇന്റേണല്‍ പരീക്ഷയുടെ ഭാഗമായ മലയാളം പേപ്പറിലെ ചോദ്യമാണു വിവാദത്തിനിടയാക്കിയത്. സംഘര്‍ഷത്തേത്തുടര്‍ന്നു കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചെങ്കിലും അതു ലംഘിച്ചു പ്രകടനങ്ങളും കല്ലേറുമുണ്ടായി.
ചോദ്യം തയാറാക്കിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത് പ്രിന്‍സിപ്പലും അധ്യാപകരും ഖേദം പ്രകടിപ്പിച്ചെങ്കിലും സംഘര്‍ഷം അയഞ്ഞില്ല. ഒടുവില്‍ വൈകുന്നേരം ചേര്‍ന്ന സര്‍വകക്ഷിയോഗത്തോടെയാണു താല്‍ക്കാലിക ശമനമായത്. ശനിയാഴ്ച വൈകിട്ട് നഗരത്തില്‍ ശാന്തിയാത്രയും നടത്തി.












Click it and Unblock the Notifications