ഗതാഗത കമ്മീഷണര്‍: പ്രേംശങ്കറിനെ നീക്കി

ഗതാഗത സെക്രട്ടറിയായി നിയമിതനായ വിപി ജോയിക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ അധിക ചുമതല നല്‍കി. ഗതാഗത സെക്രട്ടറിയായിരുന്ന ടികെ മനോജ്കുമാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ഒഴിവിലാണ് ജോയിയുടെ നിയമനം.
മന്ത്രിസഭാ യോഗത്തില്‍ ഗതാഗത മന്ത്രി ഇക്കാര്യം നിര്‍ദേശമായി മുന്നോട്ടു വയ്ക്കുകയായിരുന്നു. തീരുമാനത്തില്‍ പ്രേംശങ്കറിന് അതൃപ്തിയുണ്ടെന്നും അദ്ദേഹം അവധിയില്‍ പ്രവേശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഗതാഗതമന്ത്രി ജോസ് തെറ്റയിലുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പ്രേംശങ്കറിന്റെ സ്ഥാനചലനത്തിനിടയാക്കിയത്. ഗതാഗത കമ്മീഷണറെ മാറ്റണമെന്ന് നേരത്തെ മന്ത്രി തെറ്റയില്‍ ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
പ്രേംശങ്കറിനെ മാറ്റണമെന്ന ആവശ്യം കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തില്‍ ജനതാദള്‍ നേതാവ് മാത്യു ടി തോമസും ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യത്തോട് മുഖ്യമന്ത്രി വിഎസ്.അച്യുതാന്ദന് അനുകൂല നിലപാടായിരുന്നില്ല. ന്യായത്തിന്റെ ഭാഗത്തുനിന്നു പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനെ അപകീര്‍ത്തിപ്പെടുത്തരുതെന്നായിരുന്നു വിഎസിന്റെ മറുപടി. എന്നാല്‍ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഗതാഗത മന്ത്രിയുടെ നിര്‍ദേശം ഉടന്‍ തന്നെ മുഖമന്ത്രി അംഗീകരിക്കുകയായിരുന്നു.
ഏറെ നാളായി തെറ്റയിലുമായി അസ്വാരസ്യത്തിലായിരുന്നു പ്രേംശങ്കര്‍. താന്‍ പറയുന്നത് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അനുസരിയ്ക്കില്ലെന്നായിരുന്നു തെറ്റയിലിന്റെ വാദം.












Click it and Unblock the Notifications