ഡിജിറ്റല്‍ സമ്പത്തിനായി വില്‍പ്പത്രം

മുമ്പൊക്കെ മരണത്തിന് മുമ്പ് വസ്തുവകകള്‍ അളന്നു തിരിച്ച് വില്‍പ്പത്രം എഴുതിവയ്ക്കുമ്പോള്‍ ഭൂമി, ബാങ്ക് നിക്ഷേപം, വാഹനങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയെക്കുറിച്ചൊക്കെ മാത്രമേ ഓര്‍ക്കേണ്ടി വന്നിരുന്നുള്ളു.
എന്നാല്‍ ഇന്ന് വ്യക്തികള്‍ ഡിജിറ്റല്‍ സമ്പത്തിനും ഉടമകളാണ്. അതുകൊണ്ടു തന്നെ ഡിജിറ്റല്‍ സമ്പത്തിനും വില്‍പ്പത്രം തയ്യാറാക്കണം. ഇല്ലെങ്കില്‍ ഈ ഡിജിറ്റല്‍ സ്വത്തിന്റെ പേരിലായിരിക്കും അനന്തരാവകാശികള്‍ തല്ലിപ്പിരിയുന്നത്.
ഇക്കാര്യം മുന്‍കൂട്ടിക്കണ്ട ദില്ലിയിലെ ഒരു ബിസിനസുകാരന്‍ തന്റെ ഡിജിറ്റല്‍ സമ്പത്തിനും വില്‍പ്പത്രം തയ്യാറാക്കിക്കഴിഞ്ഞു. തന്റെ ഇമെയില്‍ അക്കൗണ്ടുകള്‍, ഇമെയില്‍ ബന്ധങ്ങള്‍, ഫോട്ടോകള്‍, ആല്‍ബം, വീഡിയോ, കമ്പ്യൂട്ടര്‍ ഫയലുകള്‍ എന്നിവയ്‌ക്കെല്ലാം അദ്ദേഹം വില്‍പ്പത്രമെഴുതി. വില്‍പ്പത്രപ്രകാരം പിതാവിന്റെ മരണത്തിന് ശേഷം മാത്രമേ ഇവയുടെയൊക്കെ പാസ് വേഡുകള്‍ മക്കള്‍ക്ക് ലഭിയ്ക്കുകയുള്ളു.
സുപ്രീം കോടതിയിലെ അഭിഭാഷകന്റെ സഹായത്തോടെയാണ് ഇദ്ദേഹം വില്‍പത്രം തയ്യാറാക്കിയത്. തന്റെ ഡിജിറ്റല്‍ ലോകം അന്യം നിന്നു പോകാതിരിക്കാന്‍ വില്‍പത്രം സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.
വാര്‍ത്ത നല്‍കാമെങ്കില്‍ തന്റെ പേര് വെളിപ്പെടുത്തരുതെന്ന് അദ്ദേഹം മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഡിജിറ്റല്‍ സന്പത്തിനായി തയ്യാറാക്കി ദില്ലിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ വില്‍പ്പത്രമാണിത്.












Click it and Unblock the Notifications