കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാക്കളുടെ ആഭാസത്തിന് കടിഞ്ഞാണിടാന്‍ നാട്ടുകാര്‍

  • By Lakshmi
Google Oneindia Malayalam News

കണ്ണൂര്‍: കല്യാണ വീടുകളില്‍ യുവാക്കളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്കും ആഭാസങ്ങള്‍ക്കുമെതിരെ തലശേരിയിലെ എരഞ്ഞോളി പഞ്ചായത്തിലെ എസ്.എന്‍ പുരത്ത് പൗരയോഗം ചേര്‍ന്നു.

ഞായറാഴ്ചയാണ് യോഗം നടന്നത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ യുവാക്കള്‍ പങ്കെടുത്തില്ല.

കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ വിവാഹമെന്നത് രണ്ടോ മൂന്നോ ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളായി മാറുകയാണ്. ഇതിനൊപ്പം യുവാക്കളുടെ മദ്യപാനവും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമുണ്ടാകുന്ന ശല്യങ്ങള്‍ വേറെയും. മിക്കയിടത്തും മദ്യമില്ലെങ്കില്‍ വിവാഹം കൊഴുക്കില്ലെന്നും യുവാക്കള്‍ സഹകരിക്കില്ലെന്നുമുള്ള അവസ്ഥയാണ് നിലനില്‍ക്കുന്നത്.

യുവാക്കളുടെ ഊര്‍ജം സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവിടാത്തതുകൊണ്ടാണ് ഇത്തരം വിപത്തുകളിലേക്ക് അവര്‍ ആകര്‍ഷിക്കപ്പെടുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത മനുഷ്യാവകാശ കമ്മീഷന്‍ അംഗം അഡ്വക്കേറ്റ് കെ.ഇ ഗംഗാധരന്‍ പറഞ്ഞു.

തൊഴിലില്ലായ്മ പോലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട അവസ്ഥയില്‍ ഇത്തരം സാമൂഹികപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സ്ഥിതിയിലാണ് നാം. മദ്യമാണ് ഇതിന്റെ പ്രധാന കാരണമെന്ന് വിസ്മരിക്കരുത്- അദ്ദേഹം പറഞ്ഞു.

ചര്‍ച്ചയില്‍ പങ്കെടുത്ത ജനങ്ങള്‍ യുവാക്കളുടെ ലെക്കുകെട്ട പെരുമാറ്റം മൂലം തങ്ങള്‍ക്കും കുടുംബത്തിനും വന്നുചേര്‍ന്ന അനുഭവങ്ങള്‍ പങ്കുവെച്ചു. വിവാഹദിവസം വധൂവന്മാരെ കുതിരപ്പുറത്തും ജെസിബിയ്ക്ക് മുകളിലും കയറ്റുന്നതും മരണവീട്ടില്‍ കോഴിക്കറിയും മദ്യവും വിളമ്പുന്നതുവരെയുള്ള അനുഭവങ്ങള്‍ പലരും പങ്കുവച്ചു.

പൗരയോഗത്തില്‍ എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രഹീദ് അധ്യക്ഷത വഹിച്ചു. ഒന്‍പതിന നിര്‍ദേശങ്ങളടങ്ങിയ പൗരരേഖ കോറോത്ത് രാജന്‍ അവതരിപ്പിച്ചു. എരഞ്ഞോളി പഞ്ചായത്തില്‍ യുവാക്കളുടെ ഈ അഴിഞ്ഞാട്ടത്തിനെതിരെ നാട്ടുമുഖ്യസ്ഥന്മാരുടെ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കാന്‍ പൗരസമിതി നിര്‍ദേശിച്ചിട്ടുണ്ട്.

വിവാഹദിവസം വരനെ മദ്യം കഴിപ്പിച്ച് ലക്കുകെടുത്തുന്നതും വധുവിനെ അപമാനിക്കുന്നതും തുടങ്ങി വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ശല്യമാകുന്ന യുവജനപ്രവര്‍ത്തനം നാള്‍ക്കുനാള്‍ കൂടുകയാണ്. മദ്യം വിളമ്പില്ലെന്ന് വാശിപിടിക്കുന്ന വീട്ടുകാര്‍ പലപ്പോഴും സഹകരിക്കാന്‍ ആളില്ലാതെ വിവാഹം പോലുള്ള ചടങ്ങുകള്‍ നടത്തിയെടുക്കാന്‍ പാടുപെടുന്നതും സാധാരണമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X